വലിയ താരമായാൽ പലരും ഇതൊന്നും ചെയ്യില്ല, ഗിൽ ശരിക്കും അത്ഭുതപ്പെടുത്തി, വാതോരാതെ പ്രശംസിച്ച് സുനിൽ ഗവാസ്കർ

അഭിറാം മനോഹർ

ചൊവ്വ, 12 ഓഗസ്റ്റ് 2025 (19:58 IST)
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷമാണ് ഇന്ത്യയ്ക്കായി മത്സരങ്ങള്‍ ഇല്ലെങ്കില്‍ കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കണമെന്ന നിബന്ധന ബിസിസിഐ കര്‍ശനമാക്കി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവരെല്ലാം ഉണ്ടായിരുന്നപ്പോള്‍ പോലും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന ശീലമുണ്ടായിരുന്നെങ്കിലും രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ വരവോടെ ഇതിന് കോട്ടം തട്ടിയിരുന്നു. ഇതില്‍ വിമര്‍ശനം ശക്തമായതോടെയാണ് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത താരങ്ങളെ വാര്‍ഷിക കരാറിനായി പരിഗണിക്കേണ്ടതില്ലെന്ന എന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയത്.
 
 ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച താരങ്ങളെല്ലാം ആഭ്യന്തര സീസണില്‍ ദുലീപ് ട്രോഫിയ്ക്കായുള്ള മത്സരങ്ങളിലും ഇടം നേടിയ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് ഇതിഹാസ താരമായ സുനില്‍ ഗവാസ്‌കര്‍. പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍ 754 റണ്‍സ് അടിച്ച് കൂട്ടിയ നായകന്‍ കൂടിയായ ശുഭ്മാന്‍ ഗില്ലിനെയാണ് ഗവാസ്‌കര്‍ പ്രശംസിച്ചത്. വലിയ താരമായാല്‍ പലരും ആഭ്യന്തര ക്രിക്കറ്റിനെ മറക്കുകയാണ് പതിവെന്നും ഗില്‍ അടക്കമുള്ള താരങ്ങള്‍ വലിയ മാതൃകയാണ് സൃഷ്ടിച്ചതെന്നും ഗവാസ്‌കര്‍ പറഞ്ഞു.
 
ഇംഗ്ലണ്ട് പര്യടനത്തില്‍ എറിഞ്ഞ് തളര്‍ന്ന പേസര്‍മാര്‍ പോലും ദുലീപ് ട്രോഫിയില്‍ കളിക്കാനായി തയ്യാറാകുന്നത് നല്ല സൂചനയാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഈ മാസം 28ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിക്ക് പിന്നാലെ അടുത്ത മാസം ഏഷ്യാകപ്പിലാണ് ഇനി ഇന്ത്യന്‍ താരങ്ങള്‍ കളിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍