India vs Australia, 4th Test: മെല്‍ബണില്‍ നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. സൂപ്പര്‍ സീനിയേഴ്‌സ് തീര്‍ത്തും നിരാശപ്പെടുത്തിയ മത്സരത്തില്‍ 184 റണ്‍സിനാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. 340 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 155 നു ഓള്‍ഔട്ട് ആയി.
സ്‌കോര്‍ ബോര്‍ഡ്
ഒന്നാം ഇന്നിങ്‌സ്
ഓസ്‌ട്രേലിയ - 474/10
ഇന്ത്യ - 369/10
രണ്ടാം ഇന്നിങ്‌സ്
ഓസ്‌ട്രേലിയ - 234/10
ഇന്ത്യ - 155/10
രോഹിത് ശര്‍മ (40 പന്തില്‍ 9), കെ.എല്‍.രാഹുല്‍ (അഞ്ച് പന്തില്‍ പൂജ്യം), വിരാട് കോലി (29 പന്തില്‍ അഞ്ച്) എന്നിവര്‍ രണ്ടാം ഇന്നിങ്‌സില്‍ പൂര്‍ണമായി നിരാശപ്പെടുത്തി. യശസ്വി ജയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സിലും അര്‍ധ സെഞ്ചുറി നേടി. 208 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം 84 റണ്‍സ് നേടിയാണ് ജയ്‌സ്വാള്‍ പുറത്തായത്. റിഷഭ് പന്ത് 104 പന്തില്‍ 30 റണ്‍സ് നേടി.
രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്കായി നായകന്‍ പാറ്റ് കമ്മിന്‍സ്, പേസര്‍ സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. നഥാന്‍ ലിന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ 2-1 നു ഓസീസ് മുന്നിലെത്തി. പരമ്പരയില്‍ ഒരു ടെസ്റ്റ് കൂടിയാണ് ശേഷിക്കുന്നത്.