ഫലമില്ലാതെ ഉപേക്ഷിച്ച് ഇന്ത്യ- പാക് മത്സരം: പാകിസ്ഥാൻ സൂപ്പർ ഫോറിൽ

Webdunia
ഞായര്‍, 3 സെപ്‌റ്റംബര്‍ 2023 (10:05 IST)
ഏഷ്യാകപ്പിലെ ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടിയ മത്സരം മഴമുടക്കിയതോടെ ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ഇടം നേടി പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. പിന്നാലെ തന്നെ കനത്ത മഴ എത്തിയതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് സ്വന്തമാക്കി. ആദ്യമത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത പാകിസ്ഥാന്‍ ഇതോടെ സൂപ്പര്‍ ഫോറില്‍ ഇടം നേടി.
 
ഇന്ത്യയുടെ ബാറ്റിംഗിനിടെ 2 തവണ മത്സരം മഴ തടസ്സപ്പെടുത്തിയിരുന്നു. 4.2 ഓവര്‍ പിന്നിട്ടപ്പോഴും പിന്നീട് 11.2 ഓവറില്‍ എത്തിനില്‍ക്കുമ്പോഴും മഴ കളി തടസ്സപ്പെടുത്തി. നേരത്തെ പാകിസ്ഥാന്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെ പുറത്താക്കിയെങ്കിലും ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന സഖ്യമാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലേക്കെത്തിച്ചത്. പാകിസ്ഥാന്‍ പേസര്‍മാര്‍ തീ തുപ്പിയ മത്സരത്തില്‍ ഇന്ത്യയുടെ 10 വിക്കറ്റും വീഴ്ത്തിയത് പേസര്‍മാരാണ്.
 
90 പന്തില്‍ ഒരു സിക്‌സും 7 ഫോറുമടക്കം 87 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 82 റണ്‍സുമായി ഇഷാന്‍ കിഷനും തിളങ്ങി. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി നാലും നസീം ഷാ ഹാരിസ് റൗഫ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളും വീഴ്ത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article