ഏഷ്യാ കപ്പിലെ തോല്‍വിക്ക് കാരണം മണ്ടന്‍ തീരുമാനങ്ങള്‍; ഈ ചോദ്യങ്ങള്‍ക്ക് ദ്രാവിഡ് മറുപടി പറയണം!

ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (12:59 IST)
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത് പോകുമെന്ന് ഏറെക്കുറെ ഉറപ്പായി. ട്വന്റി 20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീമിനാണ് ഏഷ്യാ കപ്പില്‍ ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യയുടെ ഈ തകര്‍ച്ച ആരാധകരെ വലിയ രീതിയില്‍ അസ്വസ്ഥരാക്കുന്നുണ്ട്. 
 
ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും സെലക്ടര്‍മാരും ചേര്‍ന്ന് ചില ആന മണ്ടത്തരങ്ങള്‍ ചെയ്തു. ഇതാണ് തോല്‍വിക്ക് പ്രധാന കാരണമെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു. 
 
മോശം ഫോമിലുള്ള കെ.എല്‍.രാഹുലിനെ നിര്‍ണായക മത്സരങ്ങളില്‍ മാറ്റി നിര്‍ത്താന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല. രാഹുലിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കിയതിലൂടെ എന്ത് സന്ദേശമാണ് സെലക്ടര്‍മാരും രാഹുല്‍ ദ്രാവിഡും ഉദ്ദേശിച്ചതെന്ന് ആരാധകര്‍ ചോദിക്കുന്നു. 
 
മൂന്ന്, നാല് നമ്പറുകളില്‍ നന്നായി ബാറ്റ് ചെയ്ത് പരിചയമുള്ള ദീപക് ഹൂഡയെ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യിപ്പിക്കുക എന്ന മണ്ടത്തരവും ദ്രാവിഡും രോഹിത്തും ചെയ്തു. ഇത് ഹൂഡയുടെ പ്രകടനത്തെ സാരമായി ബാധിച്ചു. 
 
ഹാര്‍ഡ് ഹിറ്ററായ ദിനേശ് കാര്‍ത്തിക്കിനെ പുറത്തിരുത്തി ട്വന്റി 20 യില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന പന്തിന് അവസരം നല്‍കി. കാര്‍ത്തിക്കിന്റെ അഭാവവും പന്തിന്റെ മോശം ഇന്നിങ്‌സും ഇന്ത്യയുടെ തോല്‍വികളില്‍ നിര്‍ണായകമായിട്ടുണ്ട്. 
 
രവീന്ദ്ര ജഡേജ പരുക്കേറ്റ് പുറത്തായപ്പോള്‍ പകരം ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഒരു കളി പോലും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍