ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍ പ്രതീക്ഷകള്‍ തകര്‍ക്കാന്‍ മുന്നില്‍ നിന്നത് ഗംഭീറല്ല, അഗാര്‍ക്കറെന്ന് റിപ്പോര്‍ട്ടുകള്‍

അഭിറാം മനോഹർ
തിങ്കള്‍, 22 ജൂലൈ 2024 (14:03 IST)
രോഹിത് ശര്‍മയ്ക്ക് പിന്‍ഗാമിയായി ടി20 ടീമിനെ നയിക്കാനുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്നതിന് മുന്നില്‍ നിന്നത് ഗൗതം ഗംഭീറല്ല ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കറെന്ന് റിപ്പോര്‍ട്ട്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
 
ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദ്ദിക്കിന്റെ മികവില്‍ സംശയം പ്രകടിപ്പിച്ചത് അഗാര്‍ക്കറായിരുന്നു. ഗുജറാത്തിനെ ഐപിഎല്ലിലെ ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്മാരാക്കാന്‍ ഹാര്‍ദ്ദിക്കിനായെങ്കിലും ഈ വിജയങ്ങള്‍ക്ക് പിന്നില്‍ ആശിഷ് നെഹ്‌റയുടെ ശക്തമായ ഇടപെടലുണ്ടായിരുന്നുവെന്നും മുംബൈ ഇന്ത്യന്‍സില്‍ അത്തരമൊരു സഹായം ലഭിക്കാതെ വന്നതോടെ ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദ്ദിക്കിന്റെ പോരായ്മകള്‍ എല്ലാം പ്രകടമായെന്നുമായിരുന്നു അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടത്.
 
 രാജ്യാന്തര ക്രിക്കറ്റില്‍ മികവ് പുലര്‍ത്താനാവശ്യമായ മത്സരത്തെ പറ്റിയുള്ള അവബോധമോ, തന്ത്രപരമായി കളി തിരിക്കാനുള്ള കഴിവ് ഹാര്‍ദ്ദിക്കിനില്ലെന്ന നിലപാടാണ് അഗാര്‍ക്കര്‍ നിലപാടെടുത്തത്. ഇതിന് പുറമെ ടീമിലെ യുവതാരങ്ങള്‍ ഹാര്‍ദ്ദിക്കിനേക്കാള്‍ സൂര്യകുമാറിനോട് അടുപ്പം പുലര്‍ത്തുന്നു എന്ന കാര്യവും സെലക്ടര്‍മാരുടെ തീരുമാനത്തെ ബാധിച്ചു. ഇതിനൊപ്പം ഹാര്‍ദ്ദിക്കിന്റെ ഫിറ്റ്‌നസ് പ്രശ്‌നം പുതിയ പരിശീലകനായ ഗൗതം ഗംഭീര്‍ ചൂണ്ടികാണിച്ചതോടെയാണ് ടീമിലെ ഉപനായകനായിട്ടും ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്ത് നിന്നും മാറ്റാന്‍ കാരണമായത്.

കഴിഞ്ഞ 2 വര്‍ഷത്തിനിടെ ഏകദിനത്തിലും ടി20യിലുമായി ഇന്ത്യ കളിച്ച 138 മത്സരങ്ങളില്‍ 69 എണ്ണത്തില്‍ മാത്രമാണ് കളിച്ചത്. കഴിഞ്ഞ 2 വര്‍ഷം ഇന്ത്യ കളിച്ച 79 ടി20 മത്സരങ്ങളില്‍ 46 എണ്ണത്തില്‍ മാത്രമാണ് പാണ്ഡ്യ കളിച്ചത്. ഇത്തരമൊരു താരത്തെ ദേശീയ ടീമിന്റെ നായകനാക്കാന്‍ പറ്റില്ലെന്ന നിലപാടാണ് ഗംഭീര്‍ എടുത്തത്.  ഇതിന് പുറമെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും തുടര്‍ച്ചയായി മാറിനില്‍ക്കുന്നതും പാണ്ഡ്യയ്ക്ക് തിരിച്ചടിയായി മാറി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article