രോഹിത് ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞാൽ ആര് നായകനാകും? ഇന്ത്യൻ ടീമിനെ കാത്ത് പുതിയ തലവേദന

Webdunia
ബുധന്‍, 14 ജൂണ്‍ 2023 (21:03 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനലിലേറ്റ തോല്‍വിയെ തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ടെസ്റ്റ് നായകത്വത്തില്‍ നിന്നും നീക്കാന്‍ ബിസിസിഐ ശ്രമിക്കുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് നിന്നും വരുന്നത്. 36കാരനായ താരത്തിന് സജീവ ക്രിക്കറ്റില്‍ ഏറെ കാലം തുടരാനാകില്ലെന്നതും ഫൈനലില്‍ പരാജയമായി എന്നതുമാണ് ബിസിസിഐയെ പുതിയ തീരുമാനമെടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. രോഹിത്ത് നായകസ്ഥാനത്ത് നിന്നും പുറത്താകുന്നതൊടെ ആരായിരിക്കും ടെസ്റ്റ് ടീം നായകനായി മാറുക എന്ന ചോദ്യം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.
 
രവിചന്ദ്ര അശ്വിന്‍, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് എന്നീ താരങ്ങളുടെ പേരുകളാണ് പുതിയ ടെസ്റ്റ് ടീം നായകനായി ഉയര്‍ന്നുകേള്‍ക്കുന്നത്. നായകനായി മികച്ച റെക്കോര്‍ഡുള്ള താരമാണെങ്കിലും കോലിയെ ടെസ്റ്റ് ടീം നായകനായി ബിസിസിഐ പരിഗണിക്കാന്‍ ഇടയില്ല. സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം ഇത്തരം ഒരു ആവശ്യം വരുന്നുണ്ടെങ്കിലും കോലിയും നായകസ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കാന്‍ ഇടയില്ല.
 
ഇന്ത്യന്‍ നായകനായി അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള സീനിയര്‍ താരം അജിങ്ക്യ രാഹനെയുടെ പേരാണ് പിന്നീട് ഉയര്‍ന്നുകേള്‍ക്കുന്നത്. നിലവിലെ യുവതാരങ്ങളില്‍ ആര്‍ക്കെങ്കിലും ചുമതല നല്‍കുന്നത് വരെയുള്ള 2 വര്‍ഷത്തോളമുള്ള കാലയളവില്‍ രാഹാനെയെയോ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിനെയോ ബിസിസിഐ പരിഗണിക്കാന്‍ സാധ്യതയേറെയാണ്. ടീമിന് വലിയ പ്രതീക്ഷ നല്‍കുന്ന യുവതാരമായ ശുഭ്മാന്‍ ഗില്ലിന് മുകളില്‍ ഇപ്പോള്‍ തന്നെ സമ്മര്‍ദ്ദം നല്‍കാന്‍ ബിസിസിഐ തയ്യാറായേക്കില്ല. ലിമിറ്റഡ് ഓവറില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കിലും ടെസ്റ്റില്‍ ഇപ്പോഴും തന്റെ പൂര്‍ണ്ണമായ മികവ് തെളിയിക്കാന്‍ ഗില്ലിനായിട്ടില്ല.
 
ഈ സാഹചര്യത്തില്‍ പരിക്കില്‍ നിന്നും മോചിതനായി തിരികെയെത്തുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിനെ നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കാന്‍ സാധ്യതയേറെയാണ്. ഐപിഎല്‍ ക്രിക്കറ്റില്‍ റിഷഭ് നായകനായിരുന്നു എന്നതും ഇന്ത്യയിലും വിദേശത്തും മികച്ച പ്രകടനം നടത്തിയിട്ടുള്ള റെക്കോര്‍ഡും റിഷഭ് പന്തിന് അനുകൂലഘടകങ്ങളാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article