പാക്കിസ്ഥാന് പോലും ഈ പ്രൊഫഷണലിസം ഇല്ല; അഫ്ഗാന്‍ സെമിയില്‍ എത്തണമെന്ന് ആരാധകര്‍

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (13:02 IST)
ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ മുന്നേറ്റം കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ എന്നീ ടീമുകളെ അട്ടിമറിച്ചതിനു പിന്നാലെ ഇപ്പോള്‍ ഇതാ ശ്രീലങ്കയ്‌ക്കെതിരെയും മികച്ച വിജയം നേടിയിരിക്കുകയാണ് അഫ്ഗാന്‍. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് ജയത്തോടെ ആറ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍ നില്‍ക്കുന്നത്. നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെയാണ് അഫ്ഗാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. 
 
ശ്രീലങ്കയ്‌ക്കെതിരെ ഏഴ് വിക്കറ്റ് ജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറില്‍ 241 ന് ഓള്‍ഔട്ടായപ്പോള്‍ അഫ്ഗാന്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. കൃത്യമായ പ്ലാനിങ്ങോടു കൂടിയാണ് അഫ്ഗാന്‍ ചേസിങ്ങിനു ഇറങ്ങിയത്. കളി നടക്കുന്നതിനിടെ അഫ്ഗാനിസ്ഥാന്‍ പരിശീലകന്‍ ജോനാഥന്‍ ട്രോട്ട് വൈറ്റ് ബോര്‍ഡില്‍ ഓരോ പത്ത് ഓവര്‍ കഴിയുമ്പോഴും ടീമിന്റെ സ്‌കോര്‍ എങ്ങനെയായിരിക്കണമെന്ന് കണക്കുകൂട്ടിയിരുന്നു. 
 
20 ഓവറില്‍ ടീം നൂറ് റണ്‍സ് നേടിയിരിക്കണം എന്നായിരുന്നു അഫ്ഗാന്‍ പരിശീലകന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ സമയത്ത് ടീം സ്‌കോര്‍ 87-2 എന്ന നിലയിലായിരുന്നു. പിന്നീട് പരിശീലകന്റെ പദ്ധതിക്കനുസരിച്ച് റണ്‍സ് കണ്ടെത്താന്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് സാധിച്ചു. 40 ഓവറില്‍ തന്നെ ടീം ടോട്ടല്‍ 200 കടന്നു. 48 ഓവറില്‍ ജയിക്കണം എന്നായിരുന്നു പരിശീലകന്റെ പ്ലാന്‍ എങ്കില്‍ 46-ാം ഓവറില്‍ തന്നെ അഫ്ഗാന്‍ ജയിക്കുകയും ചെയ്തു. 
 
വളരെ ശ്രദ്ധയോടെയാണ് അഫ്ഗാന്‍ താരങ്ങള്‍ ബാറ്റ് ചെയ്തത്. അലക്ഷ്യമായ ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഒരു ചാംപ്യന്‍ ടീമിനെ ഓര്‍മിപ്പിക്കും വിധമായിരുന്നു അഫ്ഗാന്‍ മുന്‍നിര ഷോട്ടുകള്‍ കളിച്ചത്. പാക്കിസ്ഥാനെ പോലുള്ള ടീമുകള്‍ അഫ്ഗാനിസ്ഥാന്റെ പ്രൊഫഷണലിസം കണ്ടുപഠിക്കണമെന്നാണ് ഈ മത്സരത്തിനു ശേഷം ആരാധകരുടെ കമന്റ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article