Mohammad Shami: പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാതെ ബെഞ്ചിലിരിക്കുന്ന മുഹമ്മദ് ഷമിയുടെ മുഖം ഇപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസിലുണ്ട്. കളിക്കിടെയുള്ള ഇടവേളയില്‍ താരങ്ങള്‍ക്ക് കുടിവെള്ളവുമായി ഷമി പലപ്പോഴും ഓടിയെത്തി. ടീമില്‍ ഇടംമ ലഭിക്കാത്തതിനു ഒരു പരിഭവവും ഷമി പറഞ്ഞില്ല. കാരണം തന്റെ സമയം വരുമെന്നും അന്ന് രാജ്യത്തിനു വേണ്ടി മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നും ഷമിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഒടുവില്‍ രാജ്യം മുഴുവന്‍ ഷമിക്ക് വേണ്ടി കയ്യടിക്കുന്ന സമയം വന്നെത്തി.
ലോകകപ്പില്‍ ഇന്ത്യയുടെ ആറ് മത്സരങ്ങള്‍ കഴിഞ്ഞു. ഇതില്‍ ഷമി കളിച്ചത് വെറും രണ്ട് മത്സരങ്ങളില്‍ മാത്രം. പരുക്കിനെ തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ പുറത്തായപ്പോള്‍ ഷമിക്ക് അവസരം ലഭിച്ചതാണ്. പകരക്കാരനായി എത്തിയ ഷമി പിന്നെ ഹീറോയാകുന്ന കാഴ്ചയാണ് കണ്ടത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ പത്ത് ഓവറില്‍ 54 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. കിവീസ് സ്‌കോര്‍ 300 കടക്കുമെന്ന് ഉറപ്പിച്ച സമയത്ത് അവരുടെ ഫോമില്‍ നില്‍ക്കുന്ന ബാറ്റര്‍മാരെ അടക്കം ഷമി ഡ്രസിങ് റൂമിലേക്ക് മടക്കി. നാല് കളികളില്‍ രോഹിത് ബെഞ്ചിലിരുത്തിയ ഷമി പിന്നീട് നായകന്റെ വജ്രായുധമാകുന്ന കാഴ്ചയാണ് ഇന്ത്യന്‍ ആരാധകര്‍ കണ്ടത്.
ഹാര്‍ദിക് തിരിച്ചെത്തിയാലും ടീമില്‍ സ്ഥാനം ലഭിക്കണമെങ്കില്‍ ന്യൂസിലന്‍ഡിനെതിരെയുള്ള പ്രകടനം മാത്രം പോരെന്ന് ഷമിക്ക് അറിയാം. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരെയും ഷമി കത്തിക്കയറി. കൃത്യമായ ഇടവേളകളില്‍ ഷമിയെ കൊണ്ട് പന്തെറിയിപ്പിച്ച നായകന്‍ രോഹിത് ശര്‍മ ചെറിയ ടോട്ടല്‍ പിന്തുടരുന്ന ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കുകയായിരുന്നു. കഴിഞ്ഞ ലോകകപ്പിലെ ഹീറോയായ ബെന്‍ സ്റ്റോക്‌സിനെ അടക്കം നാല് വിക്കറ്റുകളാണ് ഇംഗ്ലണ്ടിനെതിരെ ഷമി നേടിയത്. രണ്ട് കളികളില്‍ നിന്ന് ഇതിനോടകം ഒന്‍പത് വിക്കറ്റുകള്‍ ഷമിയുടെ അക്കൗണ്ടില്‍ ഉണ്ട്.
ഷമിയുടെ ലോകകപ്പ് വിക്കറ്റുകളുടെ എണ്ണം ഇപ്പോള്‍ 39 ആയി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ 12-ാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് ഷമി ഇപ്പോള്‍. അലന്‍ ഡൊണാള്‍ഡ്, ജേക്കബ് ഓറം, ഡാനിയേല്‍ വെട്ടോറി എന്നിവരെ മറികടന്നാണ് ഷമി ലോകകപ്പ് വിക്കറ്റ് ടേക്കര്‍മാരുടെ പട്ടികയില്‍ 12-ാം സ്ഥാനത്തെത്തിയത്. ഇന്ത്യക്ക് വേണ്ടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാരുടെ പട്ടികയില്‍ ഷമി മൂന്നാം സ്ഥാനത്താണ്. സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ് എന്നിവരാണ് ഷമിക്ക് മുന്നിലുള്ളത്. ഈ ലോകകപ്പില്‍ തന്നെ സഹീറിനേയും ശ്രീനാഥിനേയും ഷമി മറികടക്കാനാണ് സാധ്യത.