വര്‍ണവെറിയെത്തുടര്‍ന്ന് ഒരു കാലത്ത് ക്രിക്കറ്റ് ലോകത്ത് നിന്ന് അകറ്റപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കന്‍ ടീമില്‍ വീണ്ടും വെളുത്തവനും കറുത്തവനും തമ്മിലുള്ള വാക്‍പേര്. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് ദക്ഷിണാഫ്രിക്കന്‍ ടീം പരാജയപ്പെട്ട് തിരിച്ച് നാട്ടില്‍ എത്തിയതിന് പിന്നാലെയാണ് ടീമില്‍ വര്‍ണവെറി വിവാദം ഉടലെടുത്തത്. സെമിയില്‍ പേസ് ബോളര്‍ വെറോണ്‍ ഫിലാന്‍ഡറെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
ന്യൂസിലന്‍ഡിനെതിരായ നിര്‍ണായകമായ മത്സരത്തില്‍ ഫോമിലുണ്ടായിരുന്ന കെയ്ല്‍ ആബോട്ടിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഫിലാന്‍ഡറിനെ കളിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. നായകന്‍ എബി ഡിവില്ലിയേഴ്‌സിന് ആബോട്ടിനെ കളിപ്പിക്കാനായിരുന്നു താല്‍പ്പര്യം. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ കായികമന്ത്രി ഫികിലെ എംബലുലയും ക്രിക്കറ്റ് ബോര്‍ഡിലെയും ഭരണനേതൃത്വത്തിലെയും ഉന്നതരുടെ താല്‍പര്യത്തിന് വഴങ്ങി അവസാന നിമിഷം ഡിവില്ലിയേഴ്‌സിന് അബോട്ടിനെ തള്ളി ഫിലാന്‍ഡറെ കളിപ്പിക്കേണ്ടി വരുകയായിരുന്നുവെന്നാണ് ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രാഥമിക മത്സരങ്ങളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ അബോട്ടിനെ ഒഴിവാക്കിയത് ഏവരെയും വിസ്‌മയപ്പെടുത്തിയിരുന്നു. മോശം ഫോമും പരുക്കുമുള്ള ഫിലാന്‍ഡറിനെ സെമിയില്‍ കളിപ്പിച്ചത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നില്‍ ദക്ഷിണാഫ്രിക്കന്‍ കായികമന്ത്രിയുടെ ഇടപെടലുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.