ഐ പി എല്ലില്‍ നൈറ്റ്‌റൈഡേഴ്‌സ് ഡെയര്‍ ഡെവിള്‍സ് പോരാട്ടം ഇന്ന്

Webdunia
ഞായര്‍, 10 ഏപ്രില്‍ 2016 (12:43 IST)
ഐ പി എല്ലിലെ ഇന്ന് ഗ്ലാമര്‍ പോരാട്ടം. ഇന്നത്തെ മത്സരത്തില്‍ ആതിഥേയരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെ നേരിടും. ഇതുവരെ ഐ പി എല്‍ കിരീടം നേടാത്ത ഡെയര്‍ ഡെവിള്‍സിന്‌ ലോകകപ്പ് ഫൈനലിലെ വെടിക്കെട്ട് താരം ബ്രാത്‌വെയ്‌റ്റിന്റെ സാന്നിധ്യം മുതല്‍‌കൂട്ടാകും. ഐ പി എല്‍ താരലേലത്തില്‍ 4.2 കോടി രൂപയ്‌ക്കാണ്‌ ഡെയര്‍ ഡെവിള്‍സ്‌ ബ്രാത്‌വെയ്‌റ്റിനെ സ്വന്തമാക്കിയത്‌. 
 
സഹീര്‍ ഖാന്‍ നയിക്കുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പുതിയ ഒരു ടീമായാണ് ഇത്തവണ കളത്തില്‍ ഇറങ്ങുന്നത്‌. രാജസ്‌ഥാന്‍ റോയല്‍സിലെ ഒട്ടുമിക്ക താരങ്ങളും ഡെയര്‍ ഡെവിള്‍സില്‍ കളിക്കുന്നുണ്ട്‌. ഉപദേശകനായ ഇന്ത്യന്‍ ടീം മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്റേയും കോച്ച് പാഡി അപ്‌ടന്റേയും സാന്നിധ്യം ടീമിന് മുതല്‍‌കൂട്ടാണ്. ഓസ്‌ട്രേലിയക്കാരന്‍ പേസര്‍ ജോയല്‍ പാരീസ്‌ പരുക്കുമൂലം കളിക്കാത്തത് തിരിച്ചടിയാണ്. 
 
യുവതാരങ്ങളായ ഋഷഭ്‌ പന്ത്‌, മഹിപാല്‍ ലോംറര്‍, ഖലീല്‍ അഹമ്മദ്‌ എന്നിവരും ഡെയര്‍ ഡെവിള്‍സിനു വേണ്ടി കളിക്കുന്നുണ്ട്‌. മലയാളി വിക്കറ്റ്‌ കീപ്പര്‍ സഞ്‌ജു സാംസണ്‍, കര്‍ണാടക മലയാളി കരുണ്‍ നായര്‍, പവന്‍ നേഗി, ശ്രേയസ്‌ അയ്യര്‍ എന്നിവരും ഡെയര്‍ ഡെവിള്‍സിലാണ്. മികച്ച ഫോമില്‍ ഉള്ള ശ്രേയസ്‌ അയ്യര്‍ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട്‌ താരങ്ങളായ ജീന്‍ പോള്‍ ഡുമിനി, ക്വിന്റണ്‍ ഡി കോക്ക്‌ എന്നിവരും ബ്രാത്‌വെയ്‌റ്റും ചേരുന്നതോടെ ഡെയര്‍ ഡെവിള്‍സ്‌ മറ്റ് ടീമുകള്‍ക്ക് ഭീഷണിയാകും എന്ന് ഉറപ്പാണ്. 
 
മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഐ പി എല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്‌. ഗംഭീര്‍, റോബിന്‍ ഉത്തപ്പ തുടങ്ങിയ മിക്ക താരങ്ങള്‍ക്കും മത്സര പരിചയമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വെസ്‌റ്റിന്‍ഡീസിന്റെ സുനില്‍ നരേന്‍, പീയുഷ്‌ ചൗള, കുല്‍ദീപ്‌ യാദവ്‌ തുടങ്ങിയ സ്‌പിന്നര്‍മാരിലാണ്‌ കൊല്‍ക്കത്തയുടെ പ്രതീക്ഷ.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം