മരിയന്‍ നഷ്ടങ്ങളുടെ തമ്പുരാട്ടി

Webdunia
FILEFILE

ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ കറുപ്പിന്‍റെയും വശ്യതയുടേയും സൌന്ദര്യത്തിന്‍റെയും പ്രതിരൂപമായിരുന്നു മരിയന്‍ ജോണ്‍സ്. കഴിഞ്ഞ മാസം വരെ അമേരിക്കയുടെ മാത്രമല്ല കായിക പ്രേമികളുടെയെല്ലാം മനസ്സില്‍ ജോണ്‍സ് ട്രാക്കിലെ രാജകുമാരി തന്നെയായിരുന്നു. അത്‌ലറ്റിക്‍സിനു പുറത്ത് ബാസ്ക്കറ്റ് ബോളിലും മോഡലിംഗ് രംഗത്തും കഴിവ് തെളിയിച്ച ഈ ജേര്‍ണലിസം ബിരുധധാരി ഇപ്പോള്‍ ലോകത്തിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് പ്രേമികള്‍ക്ക് നല്‍കുന്ന സ്മരണ ദുരന്തത്തിന്‍റെയാണ്.

ജോണ്‍സിന്‍റെ നിഷ്‌ക്കളങ്കമായ ചിരിക്കു പിന്നിലെ ചതി കായിക പ്രേമികള്‍ തിരിച്ചറിഞ്ഞത് 2007 ഒക്ടോബര്‍ പകുതിക്കായിരുന്നു. അഞ്ചു മെഡലുകള്‍ നേടിയ സിഡ്നി 2000 ഒളിമ്പിക്‍സില്‍ താന്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന്; 31 വയസ്സിനിടയില്‍ അനുഭവിച്ചു തീര്‍ത്ത ദുരിതങ്ങളുടെ കൂട്ടത്തില്‍ ഒന്നു കൂടി.

നേട്ടങ്ങളുടെ കൊടുമുടിയില്‍ നിന്നും നഷ്ടങ്ങളുടെ കുഴിയിലേക്കുള്ള മരിയന്‍ ജോണ്‍സിന്‍റെ പതനം വിസ്മയാവഹമായിരുന്നു. ഒരു മാസം മുമ്പ് വരെ ഒളിമ്പിക്‍സില്‍ അഞ്ചു മെഡലുകള്‍ നേടിയ താരം എന്ന പേരില്‍ കായിക പ്രേമികള്‍ ആരാധനയോടെ ഓര്‍ത്തിരുന്ന പേരിനു പെട്ടെന്നാണ് വില്ലന്‍ പരിവേഷം ലഭിച്ചത്. ട്രാക്കിലെ റാണി എന്ന പദവിയില്‍ നിന്നുള്ള വീഴ്ച.

കറുത്തവളെങ്കിലും അമേരിക്കക്കാര്‍ക്കു ഒന്നാകെ പ്രിയപ്പെട്ടവളും മോഡലും കായിക താരവുമൊക്കെയായ ജോണ്‍സിന്‍റെ ഉയര്‍ച്ച താഴ്ചകള്‍ പെട്ടെന്നായിരുന്നു. മുമ്പ് ഒന്നിലധികം തവണ മരുന്നടിക്ക് സംശയിക്കപ്പെട്ടപ്പോഴൊക്കെ തന്നെ തുണച്ച ഭാഗ്യം മനസ്സാക്ഷിക്കുത്തായി തിരിഞ്ഞു കുത്താന്‍ തുടങ്ങിയതോടെയാണ് താന്‍ സത്യസന്ധമായിട്ടല്ല മത്സരങ്ങളില്‍ പങ്കെടുത്തിരുന്നതെന്ന് മരിയന്‍ജോണ്‍സ് വിളിച്ചു പറഞ്ഞത്.

മരിയന്‍റെയും ജോര്‍ജ്ജ് ജോണ്‍സിന്‍റെയും പുത്രിയായി ലോസ് ഏഞ്ചത്സില്‍ 1975 ഒക്ടോബര്‍ 12 നായിരുന്നു മരിയന്‍ ജോണ്‍സിന്‍റെ ജനനം. ചെറുപ്പത്തില്‍ നന്നേ തടിച്ചിയായിരുന്നെങ്കിലും മരിയന്‍ജോണ്‍സിലെ അത്‌ലറ്റ് ഒരു കൊടുങ്കാറ്റു പോലെയാണ് അമേരിക്കന്‍ കായിക രംഗത്തേക്ക് ഉയര്‍ന്നു വന്നത്.


മഹാന്‍‌മാരായ മിക്ക കായിക താ‍രങ്ങളേയും പോലെ മരിയന്‍റെ ബാല്യവും അരക്ഷിതാവസ്ഥ നിറഞ്ഞതായിരുന്നു. രണ്ടു വയസ്സുള്ളപ്പോള്‍ തന്നെയും അമ്മയേയും ഉപേക്ഷിച്ചു പോയ അച്ഛന്‍റെ മുഖമൊന്നു കാണാന്‍ കൊച്ചു മരിയന്‍ ഒരു പാട് കൊതിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ജീവിതത്തിലേക്ക് പുതിയൊരാളെത്തി. ഇറാ ടോളര്‍ രണ്ടാം അച്ഛനായി ജോണ്‍സിന്‍റെ കടന്നു വരുന്നത് അഞ്ചാം വയസ്സിലാണ്.

ഏറെ സ്നേഹ സമ്പന്നനായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ സ്നേഹം ഏഴു വര്‍ഷമേ ജോണ്‍സിനു അനുഭവിക്കാനായുള്ളൂ. വിടാതെ പിന്തുടരുന്ന ദുരന്തം ഇത്തവണ ഹൃദയാഘാത രൂപത്തിലെത്തി ടോളറുമായി കടന്നു കളഞ്ഞു. അതിനു ശേഷം ഒരു ഉപദേശകന്‍ പോലുമില്ലാതെയാണ് മരിയന്‍ മികവിലേക്കു കുതിച്ചത്.

FILEFILE
വടക്കന്‍ കരോലിന യൂണിവെഴ്‌സിറ്റിയില്‍ ജേര്‍ണലിസം ബിരുദം നേടിയ മരിയന്‍ ട്രാക്കില്‍ മാത്രമല്ല മികവ് തെളിയിച്ചിട്ടുള്ളത്. കരോലിനാ യൂണിവേഴ്‌സിറ്റിയുടെ ബാസ്ക്കറ്റ്ബോള്‍ ടീമിലെ മികച്ച കളിക്കാരി കൂടിയായിരുന്നു ജോണ്‍സ്. അവരുടെ മികവിന്‍റെ കാലത്ത് 92-10 എന്ന സ്കോര്‍ ഒരു റെക്കോഡായിരുന്നു. മാത്രമല്ല എന്‍ സി എ എ ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തം ടീമിനെ വിജയിപ്പിക്കുക കൂടി ചെയ്‌‌തു.

അത്‌ലറ്റിക്‍സിലേക്ക് മരിയന്‍ജോണ്‍സ് തിരിയുന്നത് 1996 ലായിരുന്നു. ഒളിമ്പിക്സിനുള്ള ബാസ്ക്കറ്റ് ബോള്‍ ടീമില്‍ പരുക്ക് സ്ഥാനം നഷ്ടപ്പെടുത്തിയപ്പോള്‍ മുതല്‍. ജോണ്‍സിലെ അത്‌ലറ്റ് പുറത്തു വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത വര്‍ഷം തന്നെ ഏതന്‍സില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ വിജയം നേടിയെങ്കിലും ലോംഗ് ജമ്പില്‍ പത്താമതായി. 1999 ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ സ്വര്‍ണ്ണവും ലോംഗ് ജമ്പില്‍ വെങ്കലവും നേടാനായി.

2000 സിഡ്നി ഒളിമ്പിക്‍സി മാധ്യമങ്ങളുടെ ഇഷ്ടതാരമായ മരിയന്‍ താന്‍ അഞ്ചു മെഡല്‍ നേടുമെന്നായിരുന്നു പ്രഖ്യാപിച്ചത്. ഉത്തേജക മരുന്നിന്‍റെ പിന്തുണയോടെയായിരുന്നെങ്കിലും മൂന്നു സ്വര്‍ണ്ണവും രണ്ടു വെങ്കലവുമായി പറഞ്ഞ വാക്ക് ജോണ്‍സ് പാലിക്കുകയും ചെയ്തു. അതിനു മുമ്പ് വരെ ഇത്തരമൊരു പ്രകടനം ഒരു വനിതാ അത്‌ലറ്റുകളും നടത്തിയിട്ടുണ്ടായിരുന്നില്ല.


മരിയന്‍റെ ജീവിതത്തിലേക്ക് ദൌര്‍ഭാഗ്യങ്ങളുടെ കടന്നു വരവ് ഷോട്ട് പുട്ട് താരം സി ജെ ഹണ്ടറുടെ രൂപത്തിലായിരുന്നു. ഈ കൂട്ടുകെട്ട് മരിയനെ ഉത്തേജക മരുന്നു വിവാദത്തില്‍ എത്തിച്ചു. നാന്‍ഡ്രലോണ്‍ എന്ന നിരോധിത മരുന്നിന്‍റെ ഉപയോഗത്തില്‍ കുപ്രസിദ്ധിയും 2000 ഒളിമ്പിക്‍സില്‍ വിലക്ക് സമ്പാദിച്ചിരിക്കുന്ന താരവുമായിരുന്നു ഹണ്ടര്‍. പിന്നീട് രണ്ടു കുട്ടികളുടെ പിതാവും തന്നേക്കാള്‍ ഏഴു വയസ് മൂത്തയാളുമായ ഹണ്ടര്‍ മരിയന്‍റെ ഭര്‍ത്താവായി മാറിയത് 1998 ല്‍.

ഹണ്ടറുമായി 2002 ല്‍ ബന്ധം വേര്‍പെടുത്തിയ മരിയന്‍ അതിനു ശേഷം ദാമ്പത്യം പങ്കു വച്ചത് മറ്റൊരു വേഗക്കാരന്‍ ടിം മോണ്ട് ഗോമറിയുമായിട്ടാണ്. 2002 ല്‍ 100 മീറ്ററില്‍ ലോക റെക്കോഡ് കണ്ടെത്തിയ മോണ്ട്ഗോമറിയും ഉത്തേജക മരുന്നിന്‍റെ കൂട്ടുകാരനായിരുന്നു. ഉത്തേജക വിവാദത്തിന്‍റെ പേരില്‍ 2004 ല്‍ വിലക്ക് സമ്പാദിച്ചു. ഇതിനിടയില്‍ 2003 ല്‍ മരിയന്‍ ആദ്യത്തെ കുട്ടിക്ക് ജന്‍‌മം നല്‍കി. ഒരു വര്‍ഷം ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നിന്നും മാറി നിന്ന ശേഷം മരിയന്‍ ലോക മീറ്റില്‍ തിരിച്ചു വരാനിരിക്കുകയായിരുന്നു.

2007 ലും കായിക രംഗത്തു നിന്നും മാറി നില്‍ക്കുകയായിരുന്ന മരിയന്‍ വീണ്ടും വാര്‍ത്തകളില്‍ എത്തിയത് മൂന്നാം വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു. ബാര്‍ബേദിയന്‍ സ്പ്രിന്‍ററായ ഒബാദെലെ തോം‌സണുമായിട്ടാണ് മരിയന്‍ മൂന്നാമത് വിവാഹിതയായത്. വടക്കന്‍ കരോലിനയിലെ പട്ടണമായ വിത്സണ്‍ മില്‍‌സില്‍ രഹസ്യമായിട്ടായിരുന്നു വിവാഹം.
FILEFILE


അതിനു ശേഷവും ട്രാക്കില്‍ കാര്യമായ സാന്നിദ്ധ്യം ഇല്ലാതെയായ മരിയന്‍ വീണ്ടുമെത്തിയത് ഉത്തേജക മരുന്നു വെളിപ്പെടുത്തലുമായിട്ടാണ്. മുമ്പ് രണ്ടു തവണയും ഉത്തേജക വിരുദ്ധ സമിതിക്കു മുന്നില്‍ കാര്യം നിഷേധിച്ച മരിയന്‍ പുതിയ വെളിപ്പെടുത്തലോടെ ദുഷിച്ചവളായി മാറി. അത്‌ലറ്റിക്ക് ഫെഡറേഷന്‍റെ ആജീവനാന്ത വിലക്കും അന്വേഷണ സമിതിയെ തെറ്റിദ്ധരിപ്പിച്ചതിനു ജയില്‍ വാസവും പിഴയുമാണ് മരിയനെ കാത്തിരിക്കുന്നത്.