2023ലെ ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യയ്ക്ക് ആതിഥേയത്വം

Webdunia
ഞായര്‍, 30 ജൂണ്‍ 2013 (09:53 IST)
PRO
PRO
2023 ലെ ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യയ്ക്ക് ആതിഥേയത്വം വഹിക്കും. 2021ല്‍ നടക്കുന്ന രണ്ടാമത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും 2016 ലെ ലോക ട്വന്റി20 ലോകകപ്പിനും ഇന്ത്യയ്ക്ക് തന്നെയായിരിക്കും ആതിഥേയത്വം.

ഐസിസി വാര്‍ഷിക സമ്മേളനത്തിലാണ് വേദികള്‍ പ്രഖ്യാപിച്ചത്. ഐസിസി വാര്‍ഷിക സമ്മേളനം ലണ്ടനില്‍ ശനിയാഴ്ച്ച നടന്നിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് പകരമായിട്ടാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഐസിസി കലണ്ടറില്‍ ഇടംപിടിച്ചിരിക്കുന്നത്.

ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഇംഗ്ലണ്ടാണ് ആതിഥേയത്വം വഹിക്കുന്നത്. 2017 ജൂണ്‍-ജൂലൈ മാസങ്ങളിലായിരിക്കും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള മാനദണ്ഡങ്ങള്‍ ഐസിസി തയ്യാറാക്കി വരുകയാണ്.

ഐസിസി വാര്‍ഷിക സമ്മേളനത്തില്‍ പല പുതിയ നിര്‍ദേശങ്ങളും വന്നിട്ടുണ്ട്. ഐസിസിയില്‍ അംഗത്വമുള്ള എല്ലാ രാജ്യങ്ങളും നാല് വര്‍ഷം കാലയളവില്‍ ചുരുങ്ങിയത് 16 ടെസ്റ്റ് മത്സരങ്ങളിലെങ്കിലും പങ്കെടുക്കണമെന്നതാണ് ഒരു നിര്‍ദേശം. ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തുക.