‘മുരളിയെ തടയും’

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2007 (14:18 IST)
PTIFILE

ഇന്ത്യയില്‍ വിവാദത്തില്‍ അവസാനിച്ച വാചമടിക്കു പിന്നാലെ ശ്രീലങ്കയ്‌ക്കെതിരെയും വാക് യുദ്ധം പയറ്റുകയാണ് ഒസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ശ്രീലങ്കന്‍ താരം മുത്തയ്യാ മുരളിക്കെതിരെയാണ് പുതിയ വാചകമേറ്. ലോകത്തിലെ എറ്റവും മികച്ച സ്പിന്നറാണെങ്കിലും ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയതില്‍ ഷെയിന്‍ വോണിന്‍റെ പേരിലുള്ള റെക്കോഡ് ഓസ്ട്രേലിയന്‍ മണ്ണില്‍ വെച്ച മറികടക്കാന്‍ മുരളീയെ അനുവദിക്കില്ലെന്ന് വച്ചു കാച്ചുകയാണ് കംഗാരു നായകന്‍.

വോണിന്‍റെ 708 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന റെക്കോഡ് മറികടക്കാന്‍ മുരളിക്ക് 9 വിക്കറ്റുകള്‍ കൂടി മതിയെന്നിരിക്കെയാണ് ഓസ്ട്രേലിയന്‍ നായകന്‍റെ പ്രസ്താവന. അടുത്തു നടക്കുന്ന ശ്രീലങ്കയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മുരളി വോണിന്‍റെ റെക്കോഡ് തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് ലങ്ക ഓസ്ട്രേലിയയില്‍ കളിക്കുന്നത്.

എന്നാല്‍ മുരളിക്ക് ഓസ്ട്രേലിയന്‍ കാണികളില്‍ നിന്ന് മോശമായ പെരുമാറ്റമൊന്നും നേരിടേണ്ടി വരില്ലെന്ന് പോണ്ടിങ്ങ് വ്യക്തമാക്കി.ഓസ്ട്രേലിയന്‍ മണ്ണില്‍ വെച്ച തന്നെ മുരളി വോണിന്‍റെ റെക്കോഡ് മറികടന്നാലും കാണികള്‍ അതിനോട് ശക്തമായി പ്രതികരിക്കില്ലെന്ന് പോണ്ടിങ്ങ് ഉറപ്പിച്ച് പറഞ്ഞതായാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ തവണ മുരളി ഓസ്ട്രേലിയയില്‍ കളിച്ചപ്പോള്‍ വിവാദ അമ്പയര്‍ ഡാരല്‍ ഹെയര്‍ അദ്ദേഹത്തിനെതിരെ തുടര്‍ച്ചയായി നോ ബോള്‍ വിളിച്ചത് വന്‍ വിവാദമായിരുന്നു. ഓസ്‌ട്രേലിയന്‍ കാണികള്‍ ആക്രമണം നടത്താനിരിക്കെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കളിക്കാന്‍ പോകരുതെന്ന് മുന്‍ നായകന്‍ രണതുംഗയും മുരളീധരനോട് അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. 699 ടെസ്റ്റ് വിക്കറ്റുകള്‍ ശ്രീലങ്കന്‍ സ്പിന്നറുടെ പേരിലുണ്ട്.