സച്ചിനൊപ്പം സഞ്ചരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി

Webdunia
വ്യാഴം, 3 ഏപ്രില്‍ 2014 (11:04 IST)
PTI
സച്ചിന്‍ തെണ്ടൂല്‍ക്കറുടെ ഗീര്‍ വന സന്ദര്‍ശന സമയത്ത് വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് വിവരാവകാശ പ്രവര്‍ത്തക സംഘം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് മുന്‍പാകെ കേസ് ഫയല്‍ ചെയ്തു.

മാര്‍ച്ച് 22ന് സച്ചിനും കുടുംബാഗങ്ങളും ഗീര്‍ വനം സന്ദര്‍ശിച്ചിരുന്നു. ഇതേ സമയം സച്ചിനോടൊപ്പം സഞ്ചരിച്ച് തെരഞ്ഞെടുപ്പ് കൃത്യനിര്‍വ്വഹണത്തില്‍ ഭംഗം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്ത് ഉദ്യോഗസ്ഥര്‍ സച്ചിനും കുടുംബാഗങ്ങള്‍ക്കുമൊപ്പം അനാവശ്യമായി സമയം ചെലവഴിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ആര്‍ എല്‍ മീന, സന്ദീപ് കുമാര്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് മാര്‍ച്ച് 22ന് തെരഞ്ഞെടുപ്പ് ജോലികള്‍ ഒന്നും തന്നെ നല്‍കിയില്ലെന്നായിരുന്നു ജുനാഗഢ് ജില്ലാ കളക്ടര്‍ പറയുന്നത്. തങ്ങള്‍ കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.