സംഗക്കാരയ്ക്ക് വെല്ലുവിളികള്‍ ഏറെ

Webdunia
വ്യാഴം, 12 മാര്‍ച്ച് 2009 (10:40 IST)
ലങ്കന്‍ ക്രിക്കറ്റിന്‍റെ നായകസ്ഥാനം ഏറ്റെടുക്കുന്ന കുമാര്‍ സംഗക്കാരയെ ഭാരിച്ച ചുമതലകളാ‍ണ് കാത്തിരിക്കുന്നത്. ലാഹോര്‍ ആക്രമണത്തിന്‍റെ നടുക്കുന്ന ഓര്‍മകളില്‍ നിന്ന് മുക്തമാകാത്ത ലങ്കന്‍ ടീമിനെ കളിയിലേക്ക് മടക്കികൊണ്ടുവരികയാണ് ആദ്യ ദൌത്യം.

നായക സ്ഥാനമൊഴിയുന്ന മഹേല ജയവര്‍ധനയ്ക്ക് പകരമാണ് സംഗക്കാരയെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ചുമതലയേല്‍പ്പിച്ചത്. പാകിസ്ഥാന്‍ പര്യടനത്തിന് ശേഷം നായക സ്ഥാനമൊഴിയുമെന്ന് മഹേല ജയവര്‍ധന നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുത്തയ്യ മുരളീധരനാണ് വൈസ് ക്യാപ്റ്റന്‍.

ലങ്കന്‍ ടീമിന്‍റെ വിക്കറ്റ് കീപ്പറും ഇടം കൈയ്യന്‍ ബാറ്റ്സ്മാനുമായ സംഗക്കാര 2006 മുതല്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനാണ്.
ജൂണില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പ്, 2012ലെ ലോകകപ്പ് തുടങ്ങിയ അഭിമാനപ്പോരാട്ടങ്ങള്‍ക്ക് ലങ്കന്‍ ടീമിനെ ഒരുക്കേണ്ട ദൌത്യവും ഇനി സംഗക്കാരയ്ക്കാണ്.

2012 ലെ ലോകകപ്പില്‍ പൊരുതാന്‍ തയ്യാറുള്ള ഒരു ടീമിനെ സജ്ജമാക്കുകയാണ് സംഗക്കാര നേരിടുന്ന പ്രധാന വെല്ലുവിളി. 96ല്‍ ക്രിക്കറ്റിന്‍റെ ലോകകപ്പ് മരതകദ്വീപില്‍ വിരുന്നിനെത്തിച്ച അര്‍ജുന രണതുംഗെയുടെ വിജയചരിത്രം സംഗക്കരയ്ക്ക് ആവര്‍ത്തിക്കാനാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ജൂണില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിലായിരിക്കും സംഗക്കാരയുടെ അരങ്ങേറ്റം. ട്വന്‍റി-20 ലോകകപ്പിന്‍റെ സാധ്യതാ ടീമിനെയും ലങ്ക പ്രഖ്യാപിച്ചിട്ടുണ്ട്.