വീരന്‍ വിരാട് കോഹ്‌ലി

Webdunia
ശനി, 5 ഏപ്രില്‍ 2014 (09:22 IST)
PTI
കോഹ്‌ലിയുടെ എം‌ആര്‍‌എഫ് ബാറ്റ് കൊടുങ്കാറ്റായപ്പോള്‍ ആഫ്രിക്കയുടെ തീ പാറുന്ന പന്തുകള്‍ ചാമ്പാലായിമാറി. സെമിഫൈനല്‍ യുദ്ധത്തില്‍ സൌത്ത് ആഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് കിടിലന്‍ വിജയം.

ട്വന്റി20 ലോകകപ്പില്‍ ആറു വിക്കറ്റ്‌ ജയത്തോടെ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു‍. ആദ്യം ബാറ്റ് ചെയ്ത ആഫ്രിക്ക 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാലു വിക്കറ്റ്‌ നഷ്ടപ്പെടുത്തി 19 ഓവറില്‍ വിജയം കണ്ടു.

ഇന്ത്യയ്ക്ക് വേണ്ടി കോഹ്‌ലി 72 റണ്‍സോടെ പുറത്താകാതെ നിന്നു. ഇന്ത്യയുടെ വിജയറണ്‍ കുറിച്ചതും കോഹ്‌ലിതന്നെ. 19-മത് ഓവറിന്റെ അവസാനപന്തില്‍ സിംഗിളെടുക്കാതെ ധോണി വിന്നിങ്‌ ഷോട്ട്‌ പായിക്കാന്‍ കോഹ്‌ലിക്ക്‌ അവസരം നല്‍കുകയായിരുന്നു.

അവസാന ഓവറിന്റെ ആദ്യപന്തില്‍ ഡെയ്‌ല്‌ സ്റ്റെയ്നിനെ ബൗണ്ടറിയിലേക്കു പറത്തി കോഹ്‌ലി മത്സരത്തിന് അവസാനം കുറിച്ചു. കോഹ്‌ലി തന്നെ മാന്‍ ഓഫ്‌ ദ്‌ മാച്ച്‌. നാളെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.