വിദേശകരങ്ങളില്‍ കണ്ണുനട്ട് പാക് ക്രിക്കറ്റ്

Webdunia
ശനി, 21 ഫെബ്രുവരി 2009 (17:43 IST)
ആഭ്യന്തര ക്രിക്കറ്റ് മെച്ചപ്പെടുത്താന്‍ വിദേശികളുടെ സഹായം തേടാനൊരുങ്ങുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ആഭ്യന്തര ടീമുകളുടെ പരിശീലകര്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും കായികക്ഷമതാ വിദഗ്ധര്‍ക്കും ഉള്‍പ്പെടെ വിദേശ പരിശീലനം നല്‍കാനാണ് ബോര്‍ഡിന്‍റെ തീരുമാനം.

ശക്തമായ ദേശീയ ടീമിനെ വാര്‍ത്തെടുക്കുകയാണ് പിസിബിയുടെ ലക്‍ഷ്യം. ക്രിക്കറ്റ് ബോര്‍ഡിലെ ഒരു മുതിര്‍ന്ന അംഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കറാച്ചിയില്‍ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിച്ച് ഒരുക്കുന്നവര്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും വിദഗ്ധ പരിശീലനം നല്‍കാന്‍ കഴിയുന്ന ഭൌമവിദഗ്ധരെ ഉള്‍പ്പെടെയാണ് പിസിബി നോട്ടമിടുന്നത്. ഇതിലൂടെ രാജ്യത്തെ പിച്ചുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് കണക്കുകൂട്ടുന്നു. നേരത്തെ, പിച്ചുകളുടെ നിരീക്ഷണത്തിന് ഐസിസി ക്യൂറേറ്റര്‍ ആന്‍ഡി അറ്റ്കിന്‍സന്‍റെ സേവനം പാകിസ്ഥാന്‍ വിനിയോഗിച്ചിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും മികച്ച താരങ്ങള്‍ പുറത്തെത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലൂടെയും മറ്റും മികച്ച പരിശീലനമാണ് പാകിസ്ഥാന്‍ വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് നല്‍കുന്നത്.