വിജയം പ്രതീക്ഷിച്ച് ധോനി

Webdunia
വ്യാഴം, 31 ജനുവരി 2008 (19:16 IST)
WDFILE
വിവാദങ്ങളുടെ കാര്‍മേഘങ്ങള്‍ ഏറെക്കുറെ ഒഴിഞ്ഞു. ടെസ്റ്റ് പരമ്പര കൈവിട്ടു പോയതു കൊണ്ട് ഇന്ത്യന്‍ ആരാധകര്‍ക്കുണ്ടായ വിഷാദം ട്വന്‍റി-20 മത്സരവും ത്രിരാഷ്‌ട്ര സിരീസും ജയിച്ച് ഇല്ലാതാ‍ക്കാമെന്ന് ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോനി വിശ്വസിക്കുന്നു.

ത്രിരാഷ്‌ട്ര സീരീസിനു മുമ്പ് വെള്ളിയാഴ്‌ച നടക്കുന്ന ട്വന്‍റി-20 മത്സരത്തില്‍ ജയിച്ചാല്‍ അത് ടീമിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് ധോനി കരുതുന്നു. ഇത് പുതിയ തുടക്കത്തിനുള്ള അവസരമാണെന്ന് ധോനി പറഞ്ഞു. ‘ഇരു ടീമിലെയും കളിക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു‘;ധോനി പറഞ്ഞു.

പരിക്കു പറ്റിയ ആര്‍.പി.സിംഗിനു പകരം മുനാഫ് പട്ടേല്‍ ഇന്ത്യക്കു വേണ്ടി കളിക്കും. പരിക്കു പറ്റിയ യുവരാജ് സിംഗിനു പകരം ഇന്ത്യക്കു വേണ്ടി ബാറ്റ്‌സ്മാനായ മനോജ് തിവാരി കളിക്കുവാന്‍ സാദ്ധ്യതയുണ്ട്.

അതേസമയം വിജയത്തിനായി കഴിവിന്‍റെ പരമാവധി പരിശ്രമിക്കുമെന്ന് കംഗാരു നായകന്‍ റിക്കി പോണ്ടിംഗ് പറഞ്ഞു. ‘ദക്ഷിണാഫ്രിക്കയിലെ നടന്ന ട്വന്‍റി-20 ലോകകപ്പിനു ലഭിച്ച ജനപ്രീതി മനസ്സിലാക്കിയതിനു ശേഷം ഞങ്ങള്‍ ഇതിനെ ഗൌരവമായി പരിഗണിക്കുവാന്‍ തുടങ്ങി‘;പോണ്ടിംഗ് പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ടീമില്‍ നോട്ടിംഗ്‌ഷെയര്‍ കളിക്കാരനായ ഡേവിഡ് ഹസിയുണ്ടായിരിക്കും. ഓസ്‌ട്രേലിയന്‍ താരം മൈക്കിള്‍ ഹസിയുടെ സഹോദരനാണ് ഡേവിഡ് ഹസി. അതേസമയം അനിശ്ചിതകാലത്തേക്ക് വിരമിച്ച ഷോണ്‍ ടൈറ്റ് ടീമിലുണ്ടാകില്ല.