യൂസഫ് പ്രഥമപരിഗണനയിലില്ല: ഇജാസ് ബട്ട്

Webdunia
ഞായര്‍, 31 ജനുവരി 2010 (14:29 IST)
PRO
ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ക്യാപ്റ്റന്‍‌മാരുടെ പട്ടികയില്‍ നിലവിലെ നാ‍യകന്‍ മൊഹമ്മദ് യൂസഫിന് പ്രഥമപരിഗണന ഇല്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ബട്ട്. ദീര്‍ഘകാലത്തേക്ക് പാകിസ്ഥാനെ നയിക്കുകയെന്ന ചുമതല ഒരു യുവതാരത്തെ ഏല്‍‌പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അഭിപ്രായത്തെ ന്യായീകരിച്ചുകൊണ്ടുള്ള ബട്ടിന്‍റെ വിശദീകരണം.

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ ക്യാപ്റ്റനായിരുന്നു മൊഹമ്മദ് യൂസഫ്. എന്നാല്‍ യൂസഫിന്‍റെ ക്യാപ്റ്റന്‍സിയില്‍ പാക് ടീമിന് കാര്യമായ പ്രകടനമികവ് ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് യൂസഫിനെ മാറ്റുമെന്ന് നേരത്തെയും ബട്ട് സൂചന നല്‍കിയിരുന്നു. എന്നാല്‍ ഒരു പരമ്പരയുടെ അടിസ്ഥാനത്തില്‍ യൂസഫിന് മാര്‍ക്കിടാനുള്ള ബട്ടിന്‍റെ നീക്കത്തിനെതിരെ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധമുയര്‍ത്തിയിരുന്നു.

ടീമിനുള്ളിലെ അനാരോഗ്യകരമായ മത്സരങ്ങളാണ് ഒരു വര്‍ഷത്തിനുള്ളില്‍ നാലു ക്യാപ്റ്റന്‍മാരെ പരീക്ഷിക്കേണ്ട സ്ഥിതിയിലേക്ക് തന്നെ എത്തിച്ചതെന്ന് ബട്ട് പറഞ്ഞു. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടീം പൂര്‍ണ്ണപരാജയമാണെന്ന ആരോപണം ബട്ട് പ്രതിരോധിച്ചു.

ഓസ്ട്രേലിയയിലെ ദയനീയ പ്രകടനത്തിന് കളിക്കാരെ മാത്രം കുറ്റം പറയാനാകില്ലെന്നും ഏറെക്കാലമായി അന്താരാഷ്ട്ര രംഗത്തുനിന്നും അവര്‍ മാറിനിന്നതിന്‍റെ പ്രതിഫലനമാണതെന്നും ബട്ട് വ്യക്തമാക്കി.