മഴക്കളിയില്‍ ഓസീസ് രക്ഷപ്പെട്ടു

Webdunia
ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിന മഴകൊണ്ടു പോയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം പരമ്പര പരാജയമെന്ന നാണക്കേടില്‍ നിന്ന് ഓസ്ട്രേലിയ രക്ഷപ്പെട്ടു. കീവീസ് ഓപ്പണര്‍ ഗുപ്റ്റിലും വാലറ്റക്കാരന്‍ ഡിയാമന്‍റിയും ചേര്‍ന്ന് കീവികള്‍ക്ക് ഒരു ഘട്ടത്തില്‍ അസാധ്യമെന്ന് കരുതിയ പരമ്പര വിജയം സമ്മാനിക്കുമെന്ന ഘട്ടത്തില്‍ മഴദൈവങ്ങള്‍ ഓസീസിന്‍റെ രക്ഷക്കെത്തുകയായിരുന്നു.

മഴമൂലം 22 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 168 റണ്‍സിന്‍റെ ഭേദപ്പെട്ട വിജയലക്‍ഷ്യമാണ് കീവീസിന് നല്‍കിയത്. മഴ പിന്നെയും വില്ലനായപ്പോള്‍ കീവീസ് ലക്‍ഷ്യം 20 ഓവറില്‍ 157 റണ്‍സായി പുനര്‍നിര്‍ണയിച്ചു. തുടക്കത്തിലേ തകര്‍ച്ചയെ അതിജീവിച്ച കീവിസ് ജയത്തിന് 34 റണ്‍സ് അകലമുള്ളപ്പോള്‍ വീണ്ടും മഴ ഓസീസിന്‍റെ രക്ഷക്കെത്തുകയായിരുന്നു. 14 ഓവറില്‍ 123 റണ്‍സായിരുന്നു അപ്പോള്‍ കീവീസ് സ്കോര്‍. ഗുപ്റ്റിലും(34 പന്തില്‍ 62), ഡയമന്‍റിയും(22 പന്തില്‍26) ആയിരുന്നു ക്രീസില്‍.

20 ഓവര്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ ഡെക്‌‌വര്‍ത്ത് ലൂയിസ് നിയമപ്രകാ‍രം വിജയികളെ കണ്ടെത്താനായില്ല. മത്സരം ഉപേക്ഷിച്ചതോടെ പരമ്പര 2-2- സമനിലായായി. ഓസീസിന്‍റെ മൈക് ഹസിയെ പരമ്പരിയിലെ താരമായി തെരഞ്ഞെടുത്തു.