പോണ്ടിംഗ് ദശകത്തിലെ താരം

Webdunia
വ്യാഴം, 14 ജനുവരി 2010 (13:44 IST)
PRO
ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനെ കഴിഞ്ഞ ദശകത്തിലെ ക്രിക്കറ്റ് താരമായി തെരഞ്ഞെടുത്തു. മുന്‍ കളിക്കാരും കളിയെഴുത്തുകാരും അടങ്ങുന്ന 38 അംഗ ജൂറിയാണ് പോണ്ടിംഗിനെ ദശകത്തിലെ ക്രിക്കറ്റ് താരമായി തെരഞ്ഞെടുത്തത്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൌണ്ടര്‍ ജാക്വിസ് കാലിസിനെ ബഹുദൂരം പിന്നിലാക്കിയാണ് പോണ്ടിംഗ് മികച്ച താരമായത്. പോണ്ടിംഗിനെ 60 പോയന്‍റ് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള കാലിസിന് 37 പോയന്‍റ് മാത്രമാണ് ലഭിച്ചത്.

മുന്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റാണ് (29 പോയന്‍റ്) മുന്നാം സ്ഥാനത്ത്. ഇന്ത്യന്‍ സൂപ്പര്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആറാം സ്ഥാനത്താണ്. ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ നാലാം സ്ഥാനത്തെത്തിയപ്പോള്‍ ഗ്ലെന്‍ മക്‍ഗ്രാത്ത് ആറാമതും ഷെയിന്‍ വോണ്‍ ഏഴാമതുമാണ്.

2000-09 കാലഘട്ടത്തില്‍ മറ്റേത് ബാറ്റ്സ്മാന്‍ നേടിയതിനേക്കാള്‍ കൂടുതല്‍ റണ്‍സാണ് പോണ്ടിംഗ് ഏകദിനത്തിലും ടെസ്റ്റിലുമായി അടിച്ചു കൂട്ടിയത്. ഈ കാലയളവില്‍ 107 ടെസ്റ്റ് കളിച്ച പോണ്ടിംഗ് 58.38 ശരാശരിയില്‍ 32 സെഞ്ച്വറി അടക്കം 9458 റണ്‍സ് അടിച്ചെടുത്തു. ഇക്കാലയളവില്‍ ഏകദിനത്തിലും പോണ്ടിംഗ് 9000 ലേറെ റണ്‍സ് കുറിച്ചു.

പോണ്ടിംഗിനു പുറമെ പാക് നായകന്‍ മുഹമ്മദ് യൂസഫും ജാക്വിസ് കാലിസും മാത്രമാണ് ടെസ്റ്റില്‍ 58 റണ്‍സ് ശരാശരിയില്‍ റണ്‍സ് നേടിയ മറ്റ് ബാറ്റ്‌സ്മാന്‍‌മാര്‍. ഏത് വിഷമഘട്ടത്തെയും തരണം ചെയ്യാനും തിരിച്ചടിച്ചുകൊണ്ട് എതിരാളികളെ ഒതുക്കാനുമുള്ള പോണ്ടിഗിന്‍റെ കഴിവാണ് അദ്ദേഹത്തെ ദശകത്തിലെ താരമാക്കിയതെന്ന് ജൂറി വിലയിരുത്തി.

38 ജൂറി അംഗങ്ങളില്‍ 13 പേര്‍ സച്ചിനു വേണ്ടി വോട്ടു ചെയ്തെങ്കിലും ഇതില്‍ മൂന്നു പേര്‍ മാത്രമാണ് സച്ചിനെ ദശകത്തിലെ താരമായി അംഗീകരിച്ചത്. ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധനെ, മാത്യു ഹെയ്ഡന്‍, ഗ്രെയിംസ് സ്മിത്, ഇന്‍സ്മാമുള്‍ ഹഖ്, മുഹമ്മദ് യൂസഫ് എന്നിവര്‍ക്ക് വോട്ടൊന്നും ലഭിച്ചില്ല.

മുന്‍ താരങ്ങളായ ഇയാന്‍ ചാപ്പല്‍, വെട്ടോറി, ഗ്രഹാം ഗൂച്ച്, ജോണ്‍ ബുക്കാനന്‍, ടോം മൂഡി, ജവഗല്‍ ശ്രീനാഥ്, ജെഫ് ബോയ്ക്കോട്ട്, മുഷ്താഖ് അഹമ്മദ്, റഷീദ് ലത്തീഫ്, ഡേവിഡ് ലോയ്ഡ്, രഞ്ജന്‍ മദുഗുലെ, ടോണി ഗ്രെഗ്, ജെഫ് ലോസണ്‍ എന്നിവരും ജൂറിയില്‍ അംഗങ്ങളായിരുന്നു.