പീറ്റേഴ്‌സന്‍ വിവാഹിതനായി

Webdunia
ദക്ഷിണാഫ്രിക്കന്‍ വംശജനായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സന്‍ വിവാഹിതനായി. പോപ്പ് ഗായികയായ ജെസ്സിക്ക ടെയ്‌ലറാണ് വധു. വില്‍റ്റഷയറിലെ കാസില്‍കോമിലുള്ള സെന്‍റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍ ശനിയാഴ്‌ചയാണ് വിവാഹം നടന്നത്. ഇംഗ്ലണ്ടിന്‍റെ മുന്‍ പേസ് ബൌളര്‍ ഡാരന്‍ ഗഫായിരുന്നു വരന്‍റെ തോഴന്‍.

പോപ് ബാന്‍ഡ് ലിബര്‍ട്ടി എക്സിലെ മുന്‍ ഗായികയാണ് ജെസ്സിക്ക. ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ക്യാപ്റ്റന്‍ മെക്കേല്‍ വോന്‍, ഏകദിന ക്യാപ്റ്റന്‍ പോള്‍ കോളിങ്ങ്‌വുഡ്, ഫാസ്റ്റ് ബൌളര്‍ മാത്യുഹൊഗ്ഗാര്‍ഡ്, വിക്കറ്റ് കീപ്പര്‍ പോള്‍ നിക്സണ്‍ തുടങ്ങിയവര്‍ വിവാഹിത്തിനെത്തിയിരുന്നു.

1980 ജൂണ്‍ 27 നാണ് പീറ്റേഴ്‌സണ്‍ ജനിച്ചത്. ഓള്‍ റൌണ്ടറായ ഇദ്ദേഹം 33 ടെസ്റ്റുകളിലും 66 ഏകദിനങ്ങളിലും ഇംഗ്ലണ്ടിനു വേണ്ടി കളിച്ചിട്ടുണ്ട്. 2005ല്‍ മികച്ച യുവതാരത്തിനുള്ള ഐസിസി അവാര്‍ഡ് പീറ്റേഴ്‌സന് ലഭിച്ചിരുന്നു. 2006 ല്‍ വിസ്‌ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചു.

2005 ല്‍ ഓസ്‌ട്രേലിയക്ക് എതിരെയായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. ഏകദിനത്തില്‍ 2004 ല്‍ സിംബാബെക്ക് എതിരെയായിരുന്നു അരങ്ങേറ്റം.