കരുണാനിധിയുടെ അനന്തരവന്‍ മാരന്റെ ടീമില്‍ ലങ്കന്‍ താരങ്ങള്‍; ഡിഎംകെ പ്രതിരോധത്തില്‍

Webdunia
വ്യാഴം, 28 മാര്‍ച്ച് 2013 (10:30 IST)
PRO
ലങ്കന്‍ തമിഴരുടെ പ്രശ്നം ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന കരുണാനിധിയുടെ തന്ത്രത്തിന് അനന്തിരവന്റെ മകന്റെ ഐപി‌എല്‍ ടീം തിരിച്ചടിയാകുന്നു. അണ്ണാ ഡിഎംകെ ഐപിഎല്ലിലെ ലങ്കന്‍ കളിക്കാരുടെ വിഷയം എടുത്തിട്ടതോടെയാണ് ഡി എം കെ പ്രതിരോധത്തിലായത്‍.

ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ അനന്തരവന്‍റെ മകന്‍ കലാനിധി മാരന്‍റെ ഉടമസ്ഥതയിലുള്ള ‘ഹൈദരാബാദ് സണ്‍റൈസേഴ്സ്‘ എന്ന ഐപിഎല്‍ ടീമില്‍ ലങ്കന്‍ കളിക്കാരുള്ളതാണ് പാര്‍ട്ടിയെ വെട്ടിലാക്കിയത്. കുമാര്‍ സംഗക്കാരയും തീസര പെരേരയുമാണ് ഹൈദരാബാദ് ടീമിലെ ശ്രീലങ്കന്‍ താരങ്ങള്‍.

ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ ലങ്കന്‍ പ്രശ്നം ഉയര്‍ത്തി സംസ്ഥാനത്തെ തമിഴ് വികാരത്തെ ചൂഷണം ചെയ്യാമെന്ന തന്ത്രമായിരുന്നു ഡിഎംകെ തീരുമാനത്തിനു പിന്നില്‍.

അണ്ണാ ഡിഎംകെ ഐപിഎല്ലിലെ ലങ്കന്‍ കളിക്കാരുടെ കാര്യം എടുത്തിട്ടതോടെ പാര്‍ട്ടി പ്രതിസന്ധിയിലാണ്. അണ്ണാ ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ ജയലളിതയുടെ ആവശ്യം അംഗീകരിച്ച് ചെന്നൈയിലെ മത്സരങ്ങളില്‍നിന്ന് ലങ്കന്‍ കളിക്കാരെ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍.

ആദ്യം സ്വന്തം ടീമിലെ ലങ്കക്കാരെ ഒഴിവാക്കുകയാണ് ഡിഎംകെ ചെയ്യേണ്ടതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. സണ്‍ ഗ്രൂപ്പിന്റെ വിശദീകരണം ഈ വിഷ‌യത്തില്‍ ഉണ്ടായില്ല.