ഉദ്ഘാടനത്തിന് ഡെവിള്‍സും റോയല്‍‌സും

Webdunia
ബുധന്‍, 25 ഫെബ്രുവരി 2009 (17:47 IST)
ഐപി‌എല്‍ ടൂര്‍ണ്ണമെന്‍റിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഡല്‍‌ഹി ഡെയര്‍ ഡെവിള്‍സിനെ രാജസ്ഥാന്‍ റോയല്‍‌സ് നേരിടും. ഏപ്രില്‍ പത്തിന് ജയ്പൂരിലാണ് മത്സരം.

കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്‍റിനെ വെല്ലുന്ന വര്‍ണ്ണാഭമായ പരിപാടികളാണ് ഉദ്ഘാടനത്തിന് ഒരുക്കിയിട്ടുള്ളത്. ഇന്ത്യ ഇതിന് മുമ്പ് സാക്‍ഷ്യം വഹിച്ചിട്ടില്ലാത്ത വിസ്മയങ്ങളാ‍യിരിക്കും ഒരുക്കുകയെന്ന് ഐ‌പിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി പറഞ്ഞു. ലോക നിലവാരത്തിലുള്ളതായിരിക്കും ചടങ്ങെന്നും മോഡി ഉറപ്പുനല്‍കുന്നു.

ചെന്നൈയിലാണ് ടൂര്‍ണ്ണമെന്‍റിന്‍റെ സെമിഫൈനല്‍ നടക്കുക. മെയ് ഇരുപത്തിയൊന്നിനും 22നും ചെപോക്കിലെ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. 24ന് മുംബൈയിലാണ് കലാശക്കൊട്ട്.

വൈകുന്നേരം നാല് മണി മുതല്‍ ഏഴ് മണിവരെയാണ് പകല്‍ മത്സരങ്ങള്‍ നടക്കുക. രാത്രി മത്സരങ്ങള്‍ എട്ടു മണി മുതല്‍ പതിനൊന്ന് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.

അതിനിടെ ഹോം ഗ്രൌണ്ടിലെ രണ്ടു മത്സരങ്ങളും വ്യത്യസ്ത വേദിയില്‍ നടത്താന്‍ ഹൈദരാബാദ് ഡെക്കാന്‍ ചാര്‍ജേഴ്സ് തീരുമാനിച്ചു. ഹൈദരാബാദിലെ രാജീവ്‌ഗാന്ധി സ്റ്റേഡിയത്തിലും വിശാഖപട്ടണത്തെ എസി‌എ ആന്‍റ് വിഡിസി‌എ സ്റ്റേഡിയത്തിലുമാണ് മത്സരങ്ങള്‍ നടക്കുക.