അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത് ഇംഗ്ലണ്ട്

Webdunia
ബുധന്‍, 23 ജനുവരി 2013 (17:14 IST)
PTI
ഇംഗ്ലണ്ട് ഒരിക്കല്‍ കൂടി പീറ്റേഴ്സന്‍റെ ബാറ്റിംഗ് മികവിന് നന്ദി പറയുന്നു. ഇഴഞ്ഞുപോയ സ്കോറിങ്ങിന് പുതുജീവന്‍ നല്‍കിയതിന്. തകര്‍ന്നുപോകുമായിരുന്ന ഘട്ടത്തില്‍ പിടിച്ചുനിന്ന് മാന്യമായ സ്കോറിലേക്ക് നയിച്ചതിന്.

ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി. ബൌളിംഗിന് അനുകൂലമായ പിച്ചില്‍ ഇന്ത്യയുടെ വിജയലക്‍ഷ്യം 258.

93 പന്തുകളില്‍ നിന്ന് 76 റണ്‍സാണ് പീറ്റേഴ്സണ്‍ നേടിയത്. അലിസ്റ്റര്‍ കുക്കും 76 റണ്‍സ് സ്വന്തമാക്കി.

രണ്ടാം വിക്കറ്റില്‍ കുക്കും പീറ്റേഴ്സണും ചേര്‍ന്ന് നേടിയ 95 റണ്‍സാണ് ഇംഗ്ലണ്ട് സ്കോറിന്‍റെ അടിത്തറ. എന്നാല്‍ കുക്കും പീറ്റേഴ്സണും നല്‍കിയ ജീവശ്വാസം ആളിക്കത്തിച്ച് മികച്ച സ്കോറിലേക്ക് നയിച്ചത് ജോ റൂട്ടാണ്. 45 പന്തുകളില്‍ 57 റണ്‍സാണ് ജോ റൂട്ടിന്‍റെ സംഭാവന.

ജോ റൂട്ട് പൂജ്യത്തില്‍ നില്‍ക്കുമ്പോള്‍ കോഹ്‌ലി അദ്ദേഹത്തിന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് ഇന്ത്യ കാട്ടിയ ഏറ്റവും വലിയ അബദ്ധം. പിന്നീട് റൂട്ട് 42ല്‍ നില്‍ക്കുമ്പോള്‍ റെയ്‌നയും ക്യാച്ച് നഷ്ടപ്പെടുത്തി.

25 ഓവറുകള്‍ പിന്നിട്ടപ്പോള്‍ വെറും 97 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്‍റെ സ്കോര്‍ കാര്‍ഡില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നാണ് അമ്പതാം ഓവറില്‍ 257 എന്ന നിലയിലേക്ക് അവര്‍ കുതിച്ചത്. അവസാന ഒമ്പത് ഓവറുകളില്‍ 96 റണ്‍സാണ് ഇന്ത്യന്‍ ബൌളര്‍മാര്‍ സംഭാവന ചെയ്തത്.

പന്തെറിഞ്ഞവരില്‍ രവീന്ദ്ര ജഡേജ 39 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാന്ത് ശര്‍മ്മ 47 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളെടുത്തു.