അരിശം തീര്‍ന്നില്ല; പോണ്ടിംഗ് ടിവി അടിച്ചുപൊട്ടിച്ചു

Webdunia
ചൊവ്വ, 22 ഫെബ്രുവരി 2011 (13:13 IST)
PRO
PRO
ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് ഡ്രെസിംഗ് റൂമിലെ ടി വി അടിച്ചുപൊട്ടിച്ചെന്ന് റിപ്പോര്‍ട്ട്. സിംബാബ്‌വെയ്ക്കെതിരെയുള്ള മത്സരത്തില്‍ അപ്രതീക്ഷിതമായി റണ്‍ ഔട്ടായതാണ് പോണ്ടിംഗിനെ പ്രകോപിപ്പിച്ചത്.

മികച്ച വിജയത്തോടെ പത്താം ലോകകപ്പില്‍ തുടക്കമിടുക എന്ന ലക്‍ഷ്യത്തോടെയാണ് ലോകചാമ്പ്യന്‍‌മാരായ ഓസീസ് തിങ്കളാഴ്ച സിംബാബ്‌വെയ്ക്കെതിരെ മത്സരത്തിനിറങ്ങിയത്. എന്നാല്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല. സിംബാബ്‌വെയുടെ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ കങ്കാരുക്കള്‍ ആദ്യം പതറുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിന് ആദ്യ പത്ത് ഓവറില്‍ വെറും 28 റണ്‍സ് മാത്രമാണ് ഓസീസിന് എടുക്കാനായത്. പതിനെട്ടാം ഓവറില്‍ മൊത്തം സ്കോര്‍ 66-ല്‍ നില്‍ക്കെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീടെത്തിയ നായകന്‍ പോണ്ടിംഗിന് സ്കോറിംഗില്‍ വേഗം കൂട്ടാനായില്ലെങ്കിലും അധികം തകര്‍ച്ചയില്ലാതെ മുന്നോട്ട് നയിക്കാനായി. പക്ഷേ മുപ്പത്തിയൊന്നാം ഓവറില്‍ വാട്സ്ന്‍ പുറത്തായി. തൊട്ടടുത്ത ഓവറിലാണ് പോണ്ടിംഗിന് നഷ്ടമായത്. 36 പന്തുകളില്‍ നിന്ന് 28 റണ്‍സ് എടുത്ത പോണ്ടിംഗ് റണ്‍ ഔട്ട് ആകുകയായിരുന്നു.

ലോകകപ്പ് മത്സരത്തില്‍ മൊത്തം സ്കോര്‍ അത്ര മെച്ചമല്ലാത്ത അവസ്ഥയില്‍ അപ്രതീക്ഷിതമായി പുറത്തായത് പോണ്ടിംഗിനെ നിരാശനാക്കി. ഇതേതുടര്‍ന്ന് ഡ്രെസ്സിംഗ് റൂമിലെത്തിയ പോണ്ടിംഗ് എല്‍ സി ഡി ടി വി അടിച്ചുപൊട്ടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളണോ എന്ന് തീരുമാനിക്കാന്‍ യോഗം ചേര്‍ന്നേക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

അഭിമാനപ്പോരാട്ടമായ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത് പോണ്ടിംഗിനെ പ്രതിരോധത്തിലാക്കിയിരുന്നു. വിമര്‍ശകരുടെ വായ അടപ്പിക്കാന്‍ ടീമിന് വന്‍ വിജയം സമ്മാനിക്കുന്നതിനോടൊപ്പം വ്യക്തിഗത മികവ് പ്രകടിപ്പിക്കേണ്ടതും പോണ്ടിംഗിന് അനിവാര്യമായിരുന്നു.

സിംബാബ്‌വെയ്ക്കെതിരെയുള്ള മത്സരത്തില്‍ ഓസീസ് 91 റണ്‍സിന് വിജയിച്ചു. ഓസീസ് ഉയര്‍ത്തിയ 263 റണ്‍സിന്റെ വിജയ ‌ലക്‍ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 46.2 ഓവറില്‍ 171 റണ്‍സിന് പുറത്താകുകയായിരുന്നു.