ലോകം ഞെട്ടിയ ബാറ്റിംഗ് 'അട്ടിമറി', യുവിക്ക് പകരം ധോണി; ഗംഭീറിന് ഇപ്പോഴും പരിഭവം!

അനു മുരളി
വെള്ളി, 3 ഏപ്രില്‍ 2020 (15:04 IST)
ഇന്ത്യയുടെ രണ്ടാം ലോകകപ്പ് കിരീട നേട്ടത്തിന് ഇന്നലെയാണ് ഒൻപത് വർഷം പൂർത്തിയായത്. 2011 ഏപ്രില്‍ രണ്ടിനായിരുന്നു ഇന്ത്യ ലോക ക്രിക്കറ്റ് സിംഹാസനത്തിന് ഒരിക്കൂടി അവകാശികളായത്. ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു എംഎസ് ധോണി നയിച്ച ഇന്ത്യയുടെ കപ്പുയർത്തൽ. 
 
നുവാൻ കുലശേഖരയുടെ പന്ത് അതിർത്തി കടത്തിയ ക്യാപ്റ്റൻ കൂൾ മഹേന്ദ്രസിങ് ധോണിയുടെ ആ സികസറാണ് ലോകകപ്പ് വിജയത്തിനു പ്രധാനകാരണമെന്നായിരുന്നു ചരിത്രത്തിൽ എഴുതപ്പെട്ടത്. ധോണിയുടെ മാത്രം നേട്ടമായി അതിനെ ഓവറായി മൈലേജ് കൊടുക്കുന്നുവെന്ന് ആരോപിച്ച്  ലോകകപ്പ് വിജയത്തിലെ നിർണായക സാനിധ്യമായ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 
 
ലോകകപ്പ് നേടിയത് മുഴുവൻ ടീമിന്റെയും പരിശ്രമ ഫലമായാണ്. ആ സിക്സറിനോടുള്ള അമിത ആരാധന അവസാനിപ്പിക്കണം എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. എന്നാൽ, ചില മത്സരങ്ങൾ അങ്ങനെയാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ തോറ്റെങ്കിലും രോഹിത് ശർമയുടെ കിടിലൻ പെർഫോമൻസ് ആർക്കെങ്കിലും മറക്കാൻ സാധിക്കുമോ? ഹിറ്റ്മാൻ അടിച്ചെടുത്ത റെക്കോർഡുകൾ വെറുതെയാകുമോ? ഇല്ല, ഇവ രണ്ടും ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടു കഴിഞ്ഞു. ടീം പരാജയപ്പെട്ടിട്ടും രോഹിതിന്റെ നേട്ടം ക്രിക്കറ്റ് പ്രേമികൾ വാഴ്ത്തുമ്പോൾ മ്ത്സരത്തിനു പ്രധാന കാരണക്കാരനായ കപ്പിത്താനെ മറക്കാൻ ആർക്കെങ്കിലും സാധിക്കുമോ?
 
യുവരാജിനു പകരമാണ് ധോണി അഞ്ചാം നമ്പറിൽ ഇറങ്ങിയത്. അതെല്ലാം ഒരു ഭാഗ്യപരീക്ഷണമായിരുന്നു. കപ്പിത്താന്റെ കുശാഗ്രബുദ്ധിയായിരുന്നു. മിന്നുന്ന ഫോമില്‍ കളിക്കുന്ന യുവരാജ് സിങിനെ അഞ്ചാം നമ്പറിൽ ഇറക്കാതെ പകരം സ്വയം ഇറങ്ങുകയായിരുന്നു അന്ന് ധോണി. അന്നത്തെ ബാറ്റിംഗ് പരീക്ഷണത്തിനു പിന്നിലെ കാരണമെന്തെന്ന് തുറന്നു പറയുകയാണ് യുവി. 
 
ഫൈനലില്‍ 275 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക ഇന്ത്യക്കു മുന്നില്‍ വച്ചത്. ഓപ്പണര്‍മാരായ വീരേന്ദര്‍ സെവാഗിനെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും തുടക്കത്തില്‍ തന്നെ നഷ്ടമായി. ഇതോടെ വാംഖഡെ സ്‌റ്റേഡിയം നിശബ്ധമായി. കിരീടം കൈവിട്ടുപോവുമെന്ന് എല്ലാവരും ഭയപ്പെട്ടു. അവിടെ രക്ഷകനായി ഉദിച്ചത് ഗൗതം ഗംഭീറും വിരാട് കോഹ്ലിയുമാണ്.
 
മൂന്നാം വിക്കറ്റില്‍ വിരാട് കോലിക്കൊപ്പം ചേര്‍ന്ന് ഗൗതം ഗംഭീര്‍ 83 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ടീം സ്‌കോര്‍ 114ല്‍ നില്‍ക്കെ കോലി പുറത്ത്. ശേഷമിറങ്ങേണ്ടത് യുവി. എന്നാൽ, മത്സരാർത്ഥികളേയും ഗ്യാലറിയേയും അമ്പരപ്പിച്ച് കൊണ്ട് ബാറ്റുമെടുത്ത് ഇറങ്ങിയത് ധോണി. അദ്ദേഹത്തിനു സാധിക്കുമോ എന്ന് ചോദിച്ചവർക്ക് ബാറ്റുകൊണ്ടായിരുന്നു ധോണിയുടെ മറുപടി.
 
ഗംഭീറിനൊപ്പം നാലാം വിക്കറ്റില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്ത ധോണി തുടര്‍ന്ന് ക്രീസിലെത്തിയ യുവരാജ് സിങിനെ കൂട്ടുപിടിച്ച് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു. 79 പന്തിലാണ് എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം ധോണി പുറത്താവാതെ 91 റണ്‍സെടുത്തത്. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചും അദ്ദേഹമായിരുന്നു.
 
ധോണിയുടെ ബാറ്റിംഗ് പൊസിഷൻ ഒരു പരീക്ഷണമായിരുന്നു. കൂട്ടിയും ഗുണിച്ചും പാളി പോകില്ലെന്ന് ഏകദേശം ഉറപ്പാകിയ ഒരു പരീക്ഷണം. കോലി ക്രീസ് വിടുമ്പോള്‍ ഓഫ് സ്പിന്നര്‍മാരായ മുത്തയ്യ മുരളീധധരന്‍, സുരാജ് രണ്‍ദിവ്, തിലകരത്‌നെ ദില്‍ഷന്‍ എന്നിവരാണ് ബൗള്‍ ചെയ്തു കൊണ്ടിരുന്നത്. ഈ സമയം അടുത്തത് ആരിറങ്ങണം എന്നതിനെ ചൊല്ലി ധോണി, സച്ചിന്‍, കോച്ച് കേസ്റ്റണ്‍ എന്നിവര്‍ തമ്മില്‍ ചര്‍ച്ച നടത്തി. ഓഫ് സ്പിന്നര്‍മാര്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നതിനാല്‍ തനിക്കു പകരം വലംകൈ ബാറ്റ്‌സ്മാനായ ധോണി ഇറങ്ങുന്നതാവും കൂടുതല്‍ ഉചിതമെന്ന് അവര്‍ തീരുമാനിക്കുകയും ചെയ്തു. ധോണി തനിക്കും മുമ്പ് ഇറങ്ങുമെന്ന് അറിയിച്ചപ്പോള്‍ അടുത്തതായി തനിക്ക് ഇറങ്ങേണ്ടല്ലോ എന്നോര്‍ത്ത് ആശ്വാസം തോന്നിയതായും യുവി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article