മാനം രക്ഷിച്ച് പന്ത്, കൈയ്യടിച്ച് കോഹ്ലി; സഞ്ജു ത്രിശങ്കുവിൽ, ഇനിയെന്ത് ?

ഗോൾഡ ഡിസൂസ

ശനി, 7 ഡിസം‌ബര്‍ 2019 (12:30 IST)
വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ടി20 പരമ്പരയില്‍ കെഎല്‍ രാഹുല്‍ തിളങ്ങുകയും റിഷഭ് പന്ത് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തതോടെ തിരിച്ചടിയായത് മലയാളി താരം സഞ്ജു വി സാംസണ്. ഇവരിലൊരാള്‍ ഫോം ഔട്ടായാല്‍ മാത്രമാണ് ദേശീയ ടീമില്‍ ഒരു മത്സരമെങ്കിലും കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിയ്ക്കുകയുളളു.
 
ഇനി തിരുവനന്തപുരത്ത് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ എങ്കിലും ഒരു മത്സരം കളിച്ചോട്ടെ എന്ന പരിഗണന ടീം മാനേജുമെന്റും വിരാട് കോഹ്ലിയും നല്‍കിയാല്‍ മാത്രമാണ് സഞ്ജുവിന് ഇനി കളിക്കാൻ സാധിക്കുക. ടീം ഇന്ത്യന്‍ ജെഴ്‌സി അണിയാൻ താരത്തിനു അവസരം കിട്ടുമോയെന്ന ആശങ്കയാണ് കാണികൾക്ക്. പന്തിന്റെ പ്രകടനത്തിനു കൈയ്യടിച്ച് കോഹ്ലി സഞ്ജുവിനോട് കനിയുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരത്തെ കളിയിൽ മാത്രം ഒരുപക്ഷേ സഞ്ജുവിനെ പങ്കെടുപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 
 
ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സഞ്ജു സാംസണിനെ ടീം ഇന്ത്യയിലേക്ക് തിരിച്ചുവിളിച്ചത്. ആദ്യ മത്സരത്തില്‍ എല്ലാവരും കരുതിയത് പോലെ തന്നെ മൂന്നാം ഓപ്പണര്‍ കെഎല്‍ രാഹുലിന് ടീം ഇന്ത്യ അവസരം നല്‍കി. അവസരം മുതലാക്കിയ രാഹുല്‍ 40 പന്തില്‍ 62 റണ്‍സ് നേടി ടീമില്‍ സ്ഥാനം ഉറപ്പിച്ചു. 
 
പന്താകട്ടെ പതിവില്‍ നിന്നും വ്യത്യസ്തമായി തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു. ഒന്‍പത് പന്തില്‍ 18 റണ്‍സാണ് റിഷഭ് നേടിയത്. പിയറിനെതിരെ നേരിട്ട ആദ്യ പന്തില്‍ സിക്‌സറോടെ തുടങ്ങിയ പന്ത് വില്ല്യംസിനെയും ബൗണ്ടറിക്ക് മുകളിലൂടെ പറത്തി കാണികളെ ത്രസിപ്പിച്ചു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റും പന്തിന്റെ പേരിലാണ്. വിക്കറ്റിന് പിന്നിലും താരതമ്യേന ഭേദപ്പെട്ട പ്രകടനമായിരുന്നു പന്തിന്റേത്.
 
പന്തിനെ ശക്തമായി പിന്തുണയ്ക്കുന്ന നായകന്‍ വിരാട് കോലിക്ക് ആശ്വാസമാകുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. ഇതോടെ സഞ്ജുവിന് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌ക്കരമായിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍