ധോണിയെ തോൽപ്പിക്കാൻ പന്ത്, വല്ലോം നടക്കുമോ?

ചിപ്പി പീലിപ്പോസ്

വെള്ളി, 6 ഡിസം‌ബര്‍ 2019 (16:08 IST)
ഇന്ത്യ - വെസ്റ്റിൻഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. ഇതുവരെയുള്ള മത്സരങ്ങളിൽ ഒന്നിലും തോ‌ലി അറിയാതെ നിലവിൽ ഐ സി സി ടെസ്റ്റ് പട്ടികയിൽ എതിരാളികളില്ലാതെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യയ്ക്ക് ഒരു അഗ്നിപരീക്ഷ കൂടെയാണ് വിൻഡീസുമായുള്ള പരമ്പര. വിജയം ആവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും ടീമും. 
 
എം എസ് ധോണി അവധിയിൽ പ്രവേശിച്ചതോടെ റിഷഭ് പന്താണ് ടീം ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നത്. അവസരങ്ങൾ ലഭിച്ചറപ്പോഴൊക്കെ മോശം പ്രകടനമായിരുന്നു പന്ത് കാഴ്ച വെച്ചിരുന്നത്. എന്തായാലും നടക്കാനിരിക്കുന്ന വിന്‍ഡീസ് പരമ്പരയില്‍ റിഷഭ് പന്ത് മികവ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് സെലക്ടർമാരും കോഹ്ലിയും. 
 
ഈ മത്സരത്തിൽ മറ്റൊരു റെക്കോര്‍ഡ് കൂടി പന്തിന്റെ കയ്യകലത്ത് എത്തുന്നുണ്ട്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലെ ട്വന്റി-20 പോരാട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ നടത്തിയിരിക്കുന്നത് ധോണിയാണ്. ഈ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിക്കാനാണ് പന്തിന് ഇപ്പോള്‍ അവസരം.
 
നിലവില്‍ ഏഴു ട്വന്റി-20 മത്സരങ്ങളില്‍ നിന്നും അഞ്ചു പുറത്താക്കലുകള്‍ ധോണി നടത്തിയിട്ടുണ്ട്. പന്താകട്ടെ ഏഴു കളികളില്‍ നിന്നും മൂന്നു പുറത്താക്കലുകളും അവകാശപ്പെടുന്നു. മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയില്‍ മുഴുനീളം കളിക്കുന്ന സാഹചര്യത്തില്‍ ധോണിയുടെ റെക്കോര്‍ഡ് റിഷഭ് പന്ത് മറികടക്കാനുള്ള സാധ്യതയേറെയാണ്. എന്നാൽ, ഇത് വല്ലതും നടക്കുന്ന കാര്യമാണോയെന്നും ഒരു കൂട്ടർ ചോദിക്കുന്നുണ്ട്. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും ശരാശരിയില്‍ മാത്രമായി പന്ത് ഒതുങ്ങുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍