ഹൈദരാബാദ് ട്വന്റി20യിൽ ഇന്ത്യയ്‌ക്കെതിരെ ‘സിക്സ് മഴ’ പെയ്യിച്ച് വിൻഡീസ് കൂറ്റൻ സ്കോർ കുറിക്കുമ്പോൾ ഗ്യാലറി നിശബ്ദമായിരുന്നു. ഇന്ത്യൻ ആരാധകർ ആശങ്കയിലായിരുന്നു. പക്ഷേ, അവരുടെ പ്രതീക്ഷ വിരാട് കോഹ്ലിയെന്ന റൺ മെഷീനിലായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയ 207 എന്ന റൺസ് അത്ര ചെറുതായിരുന്നില്ല.
ഇത്രയും കൂറ്റൻ സ്കോർ പിന്തുടർന്ന് പിടിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയായിരുന്നു. പ്രത്യേകിച്ചും ട്വിന്റി 20യിൽ ഇത്രയും വലിയ സ്കോർ ഇന്ത്യ പിന്തുടർന്നിട്ടില്ലെന്നിരിക്കെ. പക്ഷേ, ഇന്ത്യയ്ക്ക് കോഹ്ലിയെന്ന മനുഷ്യനുണ്ടായിരുന്നു. അസാധ്യമായത് സാധ്യമാക്കുക എന്നത് കോഹ്ലിക്ക് ശീലമാണല്ലോ. എട്ടു പന്തും ആറു വിക്കറ്റും ബാക്കിനിർത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഇന്ത്യ ആവേശഭരിതരായിരുന്നു. അത്രമേൽ മികച്ചതും അമ്പരപ്പിക്കുന്നതുമായ മത്സരമായിരുന്നു.
വിൻഡീസിനെതിരെ ലോകേഷ് രാഹുൽ പുറത്തായ ശേഷമായിരുന്നു കോലിയുടെ ശത്രുസംഹാരം ആരംഭിച്ചത്. 35 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതമാണ് അർധസെഞ്ചുറി പൂർത്തിയാക്കി. ഇതോടെ രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ തവണ 50 കടക്കുന്ന താരമെന്ന നേട്ടം കോലി ഒറ്റയ്ക്ക് സ്വന്തമാക്കി. ഇതുവരെ രോഹിത് ശർമയ്ക്കൊപ്പമായിരുന്നു താരം. തകർത്തടിച്ച് മുന്നേറിയ കോലി ഒടുവിൽ എട്ടു പന്തു ബാക്കിനിർത്തി ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ബാറ്റിങ്ങിൽ വിൻഡീസ് തിളങ്ങിയെങ്കിലും ബോളിങ്ങിൽ ദയനീയമായിരുന്നു വിൻഡീസിന്റെ അവസ്ഥ. ഒന്‍പത് പന്തില്‍ 18 റണ്‍സാണ് റിഷഭ് നേടിയത്. വിക്കറ്റിനു പിന്നിലും ഭേദപ്പെട്ട പ്രകടനമായിരുന്നു പന്ത് കാഴ്ച വെച്ചത്. അതിനാൽ, ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞ സഞ്ജു സാംസൺ ഇത്തവണയും സൈഡ് ബഞ്ചിൽ തന്നെ ഇരിക്കേണ്ടി വരുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.