സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന പാൻ ഇന്ത്യൻ ചിത്രമാണ് പുഷ്പ 2. മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 700 കോടിയാണ്. ഇത്രയും പെട്ടന്ന് 700 കോടി നേടുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് പുഷ്പ 2. സുകുമാറിന്റെ സംവിധാനത്തിൽ അല്ലു അർജുൻ നായകനായി എത്തിയ ചിത്രത്തിന് ഇപ്പോഴും തിയേറ്ററിൽ നല്ല റൺ ആണ്.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നിരവധി താരങ്ങളാണ് പുഷ്പയിലെ അല്ലു അർജുന്റെ പ്രകടനത്തിന് അഭിനന്ദിച്ച് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ അല്ലു അര്‍ജുനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചന്‍. അല്ലു തങ്ങളുടെയെല്ലാം പ്രചോദനമാണെന്ന് അമിതാഭ് ബച്ചന്‍ എക്സില്‍ കുറിച്ചു.
അല്ലു അര്‍ജുന്‍ ജീ, അങ്ങയുടെ ഉദാരപൂര്‍ണ്ണമായ വാക്കുകള്‍ക്ക് നന്ദി. ഞാന്‍ അര്‍ഹിച്ചതിലും ഏറെയാണ് താങ്കള്‍ നല്‍കിയത്. നിങ്ങളുടെ വര്‍ക്കിന്‍റെയും പ്രതിഭയുടെയും വലിയ ആരാധകരാണ് ഞങ്ങളെല്ലാം. ഞങ്ങളെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക. താങ്കളുടെ തുടര്‍ വിജയങ്ങള്‍ക്ക് എന്‍റെ പ്രാർത്ഥനകളും ആശംസകളും, അമിതാഭ് ബച്ചൻ എക്സിൽ കുറിച്ചു.
പുഷ്പ 2 റിലീസിന് മുന്നോടിയായി നടന്ന മുംബൈ പ്രസ് മീറ്റില്‍ ബോളിവുഡില്‍ നിന്നുള്ള നടന്മാരില്‍ ഏറ്റവും പ്രചോദിപ്പിച്ചത് ആരെന്ന ചോദ്യത്തിന് അമിതാഭ് ബച്ചന്‍ എന്നായിരുന്നു അല്ലുവിന്‍റെ മറുപടി. അല്ലു ബിഗ് ബിയെ പറ്റി പറയുന്ന വീഡിയോയും താരം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.