ഹൈദരാബാദ്: ദിൽസുഖ്‌നഗർ സ്വദേശിയായ ഒമ്പതു വയസുകാരൻ തേജ് കടുത്ത അല്ലു അർജുന്റെ ആരാധകനാണ്. പുഷ്പയെന്നാണ് കൂട്ടുകാർ തേജിനെ വിളിക്കുന്നത് തന്നെ. പുഷ്പ 2 ഇറങ്ങിയപ്പോൾ ആദ്യദിനം ആദ്യ ഷോ കാണണമെന്ന് തേജ് വാശി പിടിച്ചു. തേജിന്റെ നിർബന്ധത്തിന് വഴങ്ങി മാതാപിതാക്കളായ ഭാസ്‌ക്കറും രേവതിയും സഹോദരി ഏഴു വയസുകാരി സാൻവികയും പ്രീമിയർ ഷോ കാണാൻ തിയേറ്ററിലെത്തി. എന്നാൽ, അപ്രതീക്ഷിതമായി തിയേറ്ററിൽ ഉണ്ടായ സംഭവങ്ങൾ തേജിന്റെ അമ്മയുടെ ജീവനെടുത്തു.
ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി ബുധനാഴ്ച രാത്രി 11 മണിക്ക് ആരാധകരുടെ വലിയ നിരതന്നെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിനു മുന്നിലുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അല്ലു അർജുൻ തിയേറ്ററിലേക്കെത്തിയത്. അല്ലുവിനൊപ്പം ഭാര്യ സ്നേഹയും നായിക രശ്‌മിക മന്ദാനയും ഉണ്ടായിരുന്നു. ഇതോടെ അല്ലുവിനെ കാണാൻ ആരാധകർ ബഹളം വെച്ചു. തിയേറ്ററിന്റെ പ്രധാന ഗേറ്റ് പൊളിഞ്ഞു. ആരാധകരുടെ ആവേശം അതിരുകടന്നതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ലാത്തിവീശി.
ഇതിനെ തുടർന്നുണ്ടായ സംഘർഷത്തിലും തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി താഴെ വീണു. തിയേറ്ററിലേക്ക് കടക്കാൻ ശ്രമിച്ച രേവതിയും തേജും ഇതോടെ ശ്വാസം മുട്ടി ബോധരഹിതരായി വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇരുവർക്കും സിപിആർ നൽകിയെങ്കിലും രേവതി ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി. തേജ് നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ വൻ വിമർശമാണ് എങ്ങും ഉയരുന്നത്. അല്ലു അർജുൻ അടക്കമുള്ളവർക്കെതിരെ പോലീസ് കേസെടുത്തു.