പുഷ്പ 2 സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ അല്ലു അർജുൻ. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ബുധനാഴ്ച രാത്രി നടന്ന പ്രീമിയർ ഷോ കാണാനെത്തിയ ദിൽഷുക്നഗർ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇവരുടെ മൂത്തമകൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. രേവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അല്ലു അർജുൻ അറിയിച്ചു.
സന്ധ്യ തിയറ്ററിൽ രാത്രി 11 മണിക്കാണ് പ്രീമിയർ ഷോ ഒരുക്കിയത്. തിയറ്ററിന് മുന്നിൽ മണിക്കൂറുകൾക്ക് മുൻപ് തന്നെ നൂറു കണക്കിന് ആരാധകർ തമ്പടിച്ചിരുന്നു. അതിനിടെ അല്ലു അർജുൻ കുടുംബ സമേതം സിനിമ കാണാൻ എത്തി. അല്ലുവിനൊപ്പം ഭാര്യ സ്നേഹയും നടി രശ്‌മിക മന്ദാനയും ഉണ്ടായിരുന്നു. താരത്തെ കണ്ടതോടെ ആരാധകർ തിയറ്ററിലേക്ക് ഇടിച്ചു കയറി.