തമിഴകത്ത് നിന്നും റിയലിസ്റ്റിക് ആയ ഒരുകൂട്ടം സിനിമകൾ കഴിഞ്ഞ രണ്ട് വർഷമായി ഇറങ്ങുന്നുണ്ട്. അതിലൊന്നാണ് ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്യുന്ന കോമഡി എൻ്റർടൈയ്നർ ചിത്രമായ 'ടൂറിസ്റ്റ് ഫാമിലി'. മെയ് ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബോക്‌സ് ഓഫീസിൽ വമ്പൻ കളക്ഷൻ ആണ് നേടുന്നത്.
റിലീസ് ചെയ്ത് 24 ദിവസം പിന്നിടുമ്പോൾ 75 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് കളക്ഷന്റെ വിവരം പുറത്തുവിട്ടത്. 15 കോടി ബഡ്ജറ്റിൽ ആയിരുന്നു ചിത്രം ഒരുങ്ങിയത്. ഇതോടെ ശശികുമാറിന്റെ കരിയറിലെ ഏറ്റവും വലിയ കളക്ഷൻ ചിത്രമായി ടൂറിസ്റ്റ് ഫാമിലി മാറി. ശശികുമാറിനും സിമ്രാനുമൊപ്പം 'ആവേശം' എന്ന ചിത്രത്തിൽ ബിബിമോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം മിഥുൻ ജയ് ശങ്കറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഈ വർഷം പുറത്തിറങ്ങിയതിലെ ഒരു മികച്ച സിനിമയാണ് 'ടൂറിസ്റ്റ് ഫാമിലി'. ചിത്രത്തിലെ ഹ്യൂമറും, ഇമോഷൻസും, ഡ്രാമയുമെല്ലാം സംവിധായകൻ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ടെന്നും മികച്ചു നിൽക്കുന്ന പ്രകടനങ്ങൾ സിനിമയ്ക്കൊരു മുതൽക്കൂട്ടാണെന്നും പ്രതികരണങ്ങൾ ഉണ്ട്. ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എന്റർടൈയ്ൻമെന്റ്‌സും ചേർന്നാണ് ടൂറിസ്റ്റ് ഫാമിലി നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതും അബിഷൻ ജിവിന്ത് ആണ്.