സഹപ്രവർത്തകയിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് നടി സിമ്രാൻ തുറന്നു പറഞ്ഞത് തമിഴകത്ത് ഏറെ വിവാദമായിരുന്നു. സിമ്രാനെ അപമാനിച്ച ആ നടി ആരെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയർന്നു. നടി ജ്യോതികയ്ക്കെതിരാണ് സിമ്രാന്റെ പ്രതികരണം എന്ന രീതിയിൽ അഭ്യൂഹങ്ങളും പരന്നിരുന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സിമ്രൻ.
'ഞാന്‍ എന്താണോ ഉദ്ദേശിച്ചത് അത് എത്തേണ്ടവരില്‍ എത്തിയിട്ടുണ്ട്. ഞാൻ ആ പ്രസ്താവന നടത്തിയ ശേഷം എനിക്ക് ഒരു സന്ദേശം ലഭിച്ചിരുന്നു. ക്ഷമിക്കണം എന്നും നിങ്ങളെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്നുമായിരുന്നു ആ സന്ദേശത്തിൽ പറഞ്ഞത്,' എന്നും സിമ്രാൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതോടെ ജ്യോതിക തന്നെയാണ് ആ നടിയെന്ന് വിമർശനം നടത്തിയവർ ഉറപ്പിക്കുകയാണ്.
ഈ അടുത്ത് ഒരു അവാർഡ് വേദിയിൽ വെച്ചായിരുന്നു സഹപ്രവർത്തകയിൽ നിന്ന് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് സിമ്രൻ തുറന്നുപറഞ്ഞത്. '30 വര്‍ഷമായി ഞാൻ സിനിമ മേഖലയില്‍ പ്രവർത്തിക്കുന്നു. അതിന് ദൈവത്തിന് നന്ദി. കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി, ഒരു സഹപ്രവര്‍ത്തകയ്ക്ക് ഞാന്‍ ഒരു സന്ദേശം അയച്ചു. അവര്‍ അഭിനയിച്ച ഒരു സിനിമയെക്കുറിച്ചായിരുന്നു അത്. ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞപ്പോള്‍ അവര്‍ തന്ന മറുപടി വളരെ മോശമായിരുന്നു. അങ്ങനെ ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചില്ല,' എന്നായിരുന്നു സിമ്രൻ പറഞ്ഞത്.