വർഷങ്ങൾക്ക് ശേഷം മോഹൻലാൽ-ശോഭന കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം 24 നാണ് റിലീസ്. ഇപ്പോഴിതാ ചിത്രത്തിലേക്ക് തെന്നിന്ത്യൻ താരം ജ്യോതികയെ പരിഗണിച്ചിരുന്നതായി പറയുകയാണ് തരുൺ മൂർത്തി. ലളിത എന്ന കഥാപാത്രമായി മനസ്സിൽ കണ്ടത് ശോഭനയെ ആയിരുന്നുവെങ്കിലും എത്തിപ്പെടാൻ കഴിയുമോ എന്ന ആശയകുഴപ്പം തങ്ങളെ ജ്യോതികയുടെ അടുത്ത് എത്തിച്ചുവെന്ന് തരുൺ മൂർത്തി പറയുന്നു.
ലളിത എന്ന കഥാപാത്രത്തിനായി തങ്ങളുടെ മനസ്സിൽ ശോഭന തന്നെയായിരുന്നു ആദ്യമുണ്ടായിരുന്നത്. എന്നാൽ ശോഭനയിലേക്ക് എങ്ങനെ എത്തുമെന്ന സംശയം മൂലം മറ്റു ഓപ്‌ഷനുകൾ ആലോചിച്ചു. അങ്ങനെ ജ്യോതികയെ ഈ കഥാപാത്രത്തിലേക്ക് ആലോചിച്ചു. ജ്യോതികയ്ക്ക് കഥ ഇഷ്ടമായി. എന്നാൽ ഡേറ്റ് ക്ലാഷ് മൂലം ശോഭനയെ തന്നെ വിളിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് തരുൺ പറഞ്ഞു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തരുൺ മൂർത്തി.
'ശോഭന മാഡത്തേക്കാൾ നല്ലൊരു ഓപ്ഷൻ ഈ സിനിമയിലില്ല എന്ന് ഞാൻ സുനിലിനോട് പറഞ്ഞപ്പോൾ, എങ്ങനെ കോൺടാക്ട് ചെയ്യുമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. പിന്നീട് ഞങ്ങൾ ലാൽ സാറിനൊപ്പം ഇതുവരെ കാണാത്ത കോംബിനേഷൻ നോക്കാമെന്ന് ആലോചിച്ചു. അങ്ങനെ ജ്യോതികയിലേക്ക് എത്തി. ജ്യോതിക മാഡത്തെ കാണുന്നതിന് ഞങ്ങൾ അവരുടെ വീട്ടിൽ പോയി. ഞാൻ കഥ പറഞ്ഞു. അവർ വളരെ എക്സൈറ്റഡ് ആയിരുന്നു. എന്നാൽ ഞങ്ങൾ ഷൂട്ട് പ്ലാൻ ചെയ്തിരിക്കുന്ന സമയത്ത് ജ്യോതിക മാഡവും സൂര്യ സാറും ചേർന്ന് ഒരു വേൾഡ് ടൂർ പ്ലാൻ ചെയ്തിരിക്കുകയായിരുന്നു. അങ്ങനെ രണ്ടും കൽപ്പിച്ച് ശോഭന മാഡത്തെ വിളിച്ചു,' എന്ന് തരുൺ മൂർത്തി പറഞ്ഞു.