ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം നരിവേട്ട തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ ചിത്രത്തിന് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി അനുരാജ് മനോഹർ ഒരുക്കിയ സിനിമ മലയാളത്തിലെ വിടുതലൈ എന്നാണ് പ്രേക്ഷകർ പറയുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ഗംഭീര സോഷ്യോ-പൊളിറ്റിക്കൽ ചിത്രമാണ് നരിവേട്ട എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
ടൊവിനോ തോമസിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. നടന്റെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് ഈ സിനിമയിലുള്ളതെന്ന് പലരും അഭിപ്രായപ്പെടുന്നു. പക്വത വന്ന പ്രകടനമാണ് ടോവിനോയുടേത്. വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ അനുഭവമാണ് സിനിമ സമ്മാനിക്കുന്നത്. അനുരാജ് മനോഹറിന്റെ സംവിധാന മികവിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്. വർഗീസ് പീറ്റർ എന്ന കോൺസ്റ്റബിൾ ആയിട്ടാണ് ടോവിനോ എത്തുന്നത്. ടൊവിനോയുടെ കണ്ണിലൂടെയാണ് നാം സിനിമ കാണുന്നത്. ഇഷ്ടമില്ലാതെ പോലീസിൽ ചേരേണ്ടിവന്ന വർഗീസിന്റെ എല്ലാ മനോഭാവങ്ങളും ടോവിനോ അതിഗംഭീരമാക്കിയിട്ടുണ്ട്. ജീവിതത്തിലും ജോലിയിലും നിസ്സഹായനാവുന്ന വർഗീസ് പീറ്റർ അതിമനോഹരമായി ടോവിനോ അവതരിപ്പിച്ചിട്ടുണ്ട്.
അനുരാജ് മനോഹറിന്റെ സംവിധാന മികവിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്. യഥാർത്ഥ സംഭവങ്ങളെ ചേർത്ത് ബ്രില്യന്റായ തിരക്കഥ ഒരുക്കുകയും അതിനെ മികവുറ്റ രീതിയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും എല്ലാ സാങ്കേതിക മേഖലകളും ഒരുപോലെ തിളങ്ങിയിട്ടുണ്ടെന്നും പ്രേക്ഷകർ പറയുന്നു. 'മലയാളത്തിന്റെ വിടുതലൈ' എന്നാണ് നരിവേട്ടയെക്കുറിച്ച് ഒരു പ്രേക്ഷകൻ കുറിച്ചത്.