ഹിന്ദു മതവികാരം വ്രണപ്പെട്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ‘താണ്ഡവ്’ സീരീസിന്‍റെ അണിയറപ്രവര്‍ത്തകര്‍

ഗേളി ഇമ്മാനുവല്‍
തിങ്കള്‍, 18 ജനുവരി 2021 (20:26 IST)
മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തിയതിന് താണ്ഡവ് നിർമ്മാതാക്കൾ നിരുപാധികമായ ക്ഷമാപണം നടത്തി. ആമസോൺ പ്രൈം വീഡിയോ വെബ് സീരീസ് മതപരമായ പിരിമുറുക്കത്തിനുള്ള സാധ്യത സൃഷ്ടിച്ചുവെന്നും ഹിന്ദു ദൈവങ്ങളെ മോശം വെളിച്ചത്തിൽ ചിത്രീകരിച്ചതായും പരമ്പരയില്‍ ജാതീയ രംഗങ്ങളും സംഭാഷണങ്ങളും ഉപയോഗിച്ചതായും ഉയര്‍ന്ന ആരോപണങ്ങളാണ് വിവാദമായത്. താണ്ഡവ് നിർമ്മാതാക്കൾക്കും ഇന്ത്യയിലെ ആമസോൺ പ്രൈം വീഡിയോ മേധാവിക്കെതിരെയും എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്‌തിരുന്നു. 
 
വെബ് സീരീസ് ഉടൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകളും രാഷ്ട്രീയക്കാരും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് പരാതി നൽകിയതിനെ തുടർന്ന് നിർമ്മാതാക്കൾ ഇപ്പോൾ പ്രസ്താവന ഇറക്കിയിരിക്കുകയാണ്. "താണ്ഡവ് എന്ന വെബ് സീരീസിലേക്കുള്ള കാഴ്ചക്കാരുടെ പ്രതികരണങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഒരു ചർച്ചയ്ക്കിടെ, വെബ് സീരീസിനെക്കുറിച്ച് വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച നിരവധി പരാതികളും നിവേദനങ്ങളും സംബന്ധിച്ച് വിവര, പ്രക്ഷേപണ മന്ത്രാലയം ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ഉള്ളടക്കം ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആ പരാതികളില്‍ ഉയര്‍ന്നത്. ഈ വെബ് സീരീസ് ഒരു ഫിക്ഷൻ സൃഷ്ടിയാണ്. ഇതിന്‍റെ ഉള്ളടക്കത്തിലെ ചില ഭാഗങ്ങള്‍ക്ക് വ്യക്തികളോടും സംഭവങ്ങളോടും സാമ്യമുള്ളത് തികച്ചും യാദൃശ്ചികമാണ്. ഏതെങ്കിലും വ്യക്തി, ജാതി, സമൂഹം, വംശം, മതം, മതവിശ്വാസം എന്നിവയുടെ വികാരം വ്രണപ്പെടുത്താനോ ഏതെങ്കിലും സ്ഥാപനത്തെയോ രാഷ്ട്രീയ പാർട്ടിയെയോ വ്യക്തിയെയോ ജീവിച്ചിരിക്കുന്നവരെയോ മരിച്ചുപോയവരെയോ അപമാനിക്കാനോ പ്രകോപിപ്പിക്കാനോ അഭിനേതാക്കൾക്കും അണിയറപ്രവർത്തകര്‍ക്കും ഒരു ഉദ്ദേശ്യവുമില്ല. ആളുകൾ പ്രകടിപ്പിക്കുന്ന ആശങ്കകൾ താണ്ഡവിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും മനസിലാക്കുകയും അത് ആരുടെയെങ്കിലും വികാരത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിരുപാധികമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നു.”
 
സംവിധായകൻ അലി അബ്ബാസ് സഫർ, എഴുത്തുകാരൻ ഗൌരവ് സോളങ്കി, ആമസോൺ പ്രൈമിന്റെ ഇന്ത്യാ മേധാവി അപർണ പുരോഹിത്, താണ്ഡവിന്റെ നിർമ്മാതാവ് ഹിമാൻഷു കൃഷ്ണ മെഹ്‌റ എന്നിവർക്കെതിരെയാണ് ലഖ്‌നൗവിലെ ഹസ്രത്‌ഗഞ്ച് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article