സൗന്ദര്യയുടെ സ്ഥലവും ഗസ്റ്റ് ഹൗസും മോഹന്‍ ബാബുവിന് വേണമായിരുന്നു, ഇത് കൊലപാതകത്തിലേക്ക് നയിച്ചു, ആക്ടിവിസ്റ്റിന്റെ വാദങ്ങള്‍ക്ക് മറുപടി നല്‍കി സൗന്ദര്യയുടെ ഭര്‍ത്താവ്

അഭിറാം മനോഹർ
വെള്ളി, 14 മാര്‍ച്ച് 2025 (14:34 IST)
തെലങ്കാനയിലെ ഷംഷാബാദിലെ ജല്ലെപ്പള്ളിയിലെ 6 ഏക്കര്‍ സ്ഥലവും ഗസ്റ്റ് ഹൗസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നടി സൗന്ദര്യയുടെ മരണത്തിന് ഇടയാക്കിയതെന്ന ആക്റ്റിവിസിന്റെ പുതിയ പരാതിയ്ക്ക് പ്രതികരണവുമായി നടിയുടെ ഭര്‍ത്താവ് രംഗത്ത്. വിമാന അപകടത്തില്‍ സൗന്ദര്യ മരിച്ച് 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സാമൂഹിക പ്രവര്‍ത്തകന്‍ നടനായ മോഹന്‍ബാബുവിനെതിരെ പരാതിയുമായി രംഗത്ത് വന്നത്.
 
ആക്റ്റിവിസ്റ്റായ ചിറ്റിമല്ലുവിന്റെ ആരോപണപ്രകാരം സൗന്ദര്യയുടെ ഗസ്റ്റ് ഹൗസിലും സ്ഥലത്തിലും മോഹന്‍ബാബുവിന് കണ്ണുണ്ടായിരുന്നു. ഈ സ്ഥലവും ഗസ്റ്റ് ഹൗസും വില്‍ക്കാന്‍ നടിയോട് മോഹന്‍ബാബു ആവശ്യപ്പെട്ടെങ്കിലും നടിയും സഹോദരനും ഈ ആവശ്യം നിരസിച്ചു. ഇതാണ് സൗന്ദര്യയുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിലേക്ക് നയിച്ചത്. ജല്ലെപ്പള്ളിയിലെ ഈ സ്ഥലവും ഗസ്റ്റ് ഹൗസും ഇപ്പോള്‍ ഉപയോഗിക്കുന്നത് മോഹന്‍ബാബുവാണെന്നും ആക്റ്റിവിസ്റ്റ് ആരോപണം ഉന്നയിച്ചിരുന്നു.
 
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന കാണിച്ചാണ് സൗന്ദര്യയുടെ ഭര്‍ത്താവ് ജി എസ് രഘു രംഗത്ത് വന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഹൈദരാബാദിലെ സ്വത്തിനെ പറ്റിയും മോഹന്‍ ബാബു സാറിനെയും സൗന്ദര്യയേയും പറ്റി തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.സ്വത്തുമായി പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ഞാന്‍ സ്ഥിരീകരിക്കുന്നു. പരേതയായ എന്റെ ഭാര്യ ശ്രീമതി സൗന്ദര്യയില്‍ നിന്നും നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്തുക്കള്‍ മോഹന്‍ബാബുവിന്റെ കൈവശമില്ല. കഴിഞ്ഞ 25  വര്‍ഷത്തിലേറെയാണ് ശ്രീ മോഹന്‍ ബാബുവിനെ എനിക്കറിയാം. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ ആഴത്തിലുള്ള ബന്ധമാണ് നിലനില്‍ക്കുന്നത്. രഘു പറഞ്ഞു.
 
അതേസമയം ഈ വിഷയത്തില്‍ മോഹന്‍ബാബു ഇതുവരെയും പ്രതികരണമൊന്നും നടത്തിയിട്ടില്ല. 2004 ഏപ്രില്‍ 14ന് ആയിരുന്നു ബെംഗളുരുവില്‍ നിന്നും ആന്ധ്രയിലേക്ക് തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിടെ നടി സൗന്ദര്യയുടെ ചെറുവിമാനം തകര്‍ന്ന് മരണപ്പെട്ടത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article