ഹൈദരാബാദ്: നടി സൗന്ദര്യയുടേത് അപകടമരണമല്ല, കൊലപാതകമാണെന്നും പിന്നിൽ നടൻ മോഹൻ ബാബു ആണെന്നും കാട്ടി ആന്ധ്രാസ്വദേശി ചിട്ടിമല്ലു എന്നയാൾ പരാതിനൽകിയതോടെ സൗന്ദര്യയുടെ മരണം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ചിട്ടിമല്ലു ആരോപിക്കുന്ന തരത്തിലുള്ള സ്വത്ത് തർക്കം മോഹൻ ബാബുവും സൗന്ദര്യവും തമ്മിൽ ഉണ്ടായിരുന്നില്ലെന്ന് സൗന്ദര്യയുടെ ഭർത്താവ് ജി.എസ് രഘു പറയുന്നു.
മോഹൻ ബാബുവിനെയും സൗന്ദര്യയുടെ മരണത്തേയും ബന്ധപ്പെടുത്തി വരുന്ന വാർത്തകൾ ജി.എസ് രഘു നിഷേധിച്ചു. സ്വത്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. സൗന്ദര്യയിൽ നിന്ന് മോഹൻ ബാബു നിയമവിരുദ്ധമായി സമ്പാദിച്ച ഒരു സ്വത്തും ഇല്ല. തന്റെ അറിവിൽ നടനുമായി തങ്ങൾക്ക് ഒരു ഭൂമി ഇടപാടും ഉണ്ടായിരുന്നില്ലെന്നും രഘു ചൂണ്ടിക്കാട്ടുന്നു.
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിലെ സ്വത്തുമായി ബന്ധപ്പെട്ട് മോഹൻ ബാബുവിനെയും സൗന്ദര്യയെയും കുറിച്ച് തെറ്റായ വാർത്ത പ്രചരിക്കുന്നുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. അതിനാൽ ഈ വാർത്തകൾ ഞാൻ നിഷേധിക്കാൻ ആഗ്രഹിക്കുന്നു. എന്റെ ഭാര്യ പരേതയായ സൗന്ദര്യയിൽ നിന്ന് മോഹൻ ബാബു സാർ നിയമവിരുദ്ധമായി സമ്പാദിച്ച ഒരു സ്വത്തും ഇല്ലെന്ന് ഞാൻ സ്ഥിരീകരിക്കുന്നു. എന്റെ അറിവിൽ അദ്ദേഹവുമായി ഞങ്ങൾക്ക് ഒരു ഭൂമി ഇടപാടും ഉണ്ടായിരുന്നില്ല.
മോഹൻ ബാബു സാറിനെ താൻ ബഹുമാനിക്കുന്നു. എല്ലാവരുമായും സത്യം പങ്കിടാൻ താൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ 25 വർഷമായി മോഹൻ ബാബുവിനെ അറിയാം. അദ്ദേഹവുമായി നല്ല സൗഹൃദമാണ് പങ്കിടുന്നത്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്താൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു'വെന്ന് പറഞ്ഞുകൊണ്ടാണ് ജി.എസ് രഘു കുറിപ്പ് അവസാനിപ്പിക്കുന്നത്.