കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ചുകൊണ്ട് മലയാള സിനിമ ശക്തമായി തിരിച്ചെത്തുമെന്ന് ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ആളുകൾക്ക് വീടുകളിൽ സിനിമ കണ്ട് കണ്ട് മടുപ്പുണ്ടെന്നും തിയേറ്ററുകൾ തുറന്നാൽ മുൻപത്തേതിനേക്കാൾ ജനം ചിലപ്പോൾ മടങ്ങിവന്നേക്കാമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
ഏതൊരു ദുരന്തമുണ്ടായാലും അതിൽനിന്ന് അതിവേഗം കരകയറുന്നവരാണു മലയാളികൾ.ഇക്കാലവും വേഗം കടന്നുപോകും.ആളുകൾ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ഒതുങ്ങുമെന്ന വാദം ശരിയല്ല.സ്റ്റാർ വാല്യു ഉള്ളതും വിജയസാധ്യതയുള്ളതുമായ ചിത്രങ്ങൾ മാത്രമാണ് ഒടിടി പ്ലാറ്റ്ഫോമുകൾ വാങ്ങുന്നത്. അല്ലാത്ത ചിത്രങ്ങളിൽ അവർക്കും താൽപര്യമില്ല. ഒടിടി റിലീസിന് കൂടുതൽ പടങ്ങൾ വരട്ടെ പക്ഷേ ഒടിടി മാത്രമാണ് ഭാവി എന്ന് പറയുന്നതിൽ അർഥമില്ല.ഇപ്പോൾ വീട്ടിലിരുന്നു സിനിമ കണ്ട് ആളുകൾ മടുപ്പുണ്ട്. തിയേറ്ററുകൾ തുറന്നാൽ ചിലപ്പോൾ മുൻപത്തെക്കാൾ കൂടുതൽ ജനം മടങ്ങി വന്നേക്കാം. താൽക്കാലികമായ ഒരു പ്രതിഭാസം മാത്രമാണു കോവിഡ്. നാം വിചാരിച്ചതിനെക്കാൾ കുറെക്കൂടി നീണ്ടുനിന്നേക്കാം പക്ഷേ ഇത് അവസാനിക്കാത്ത ഒന്നല്ല സത്യൻ അന്തിക്കാട് പറഞ്ഞു.