തന്റെ വിശ്വാസ്യത ബോധ്യപ്പെടുത്താൻ റമീസിന് ബാധ്യതയുണ്ട്, വാരിയം കുന്നനിൽ നിന്നും തിരക്കഥാകൃത്ത് മാറിനിൽക്കുമെന്ന് ആഷിഖ് അബു

ശനി, 27 ജൂണ്‍ 2020 (12:57 IST)
വാരിയം‌കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന വാരിയം‌കുന്നൻ എന്ന ചിത്രത്തിൽ നിന്നും തിരക്കഥാകൃത്തുക്കളിലൊരാളായ റമീസ് മാറിനിൽക്കുമെന്ന് സംവിധായകൻ ആഷിഖ് അബു.സിനിമയുടെ രചയിതാക്കളായി ഉണ്ട'യുടെ തിരക്കഥാകൃത്ത് ഹര്‍ഷദും റമീസ് എന്ന മറ്റൊരാളുമാണ് ഉണ്ടായിരുന്നത്.എന്നാൽ തീവ്ര രാഷ്ട്രീയ നിലപാടുകളുടെ പേരിൽ റമീസിന്റെ പഴയകാല പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രമീസ് പ്രൊജക്‌ടിൽ നിന്നും തത്‌കാലം മാറിനി‌ൽക്കുമെന്ന് ആഷിഖ് അബു അറിയിച്ചത്.
 
ആഷിഖ് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
 
റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാകാനാണ് സാധ്യത.
 
മറ്റൊരു സംവിധായകനുമായി വാരിയംകുന്നൻ എന്ന ചിത്രം നിർമ്മിക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ വർഷങ്ങളായി നടന്നുവരുന്നു.
റമീസും ആദ്യം മുതൽ തന്നെ ഈ ഉദ്യമത്തിൽ ഉണ്ടായിരുന്ന, ഇതിനായി റിസേർച്ചുകൾ ചെയ്ത വ്യക്തിയായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങൾക്ക് മുൻപ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ്സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ധേശശുദ്ധിയുടെ മേൽ സംശയത്തിന്റെ നിഴൽ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍