വീട്ടിലെ കറണ്ട് ബില്ല് അടയ്ക്കാൻ പോലും ബുദ്ധിമുട്ടി, സിനിമയിൽ അഭിനയിച്ചത് ജീവിയ്ക്കാൻവേണ്ടിയെന്ന് ശ്രീശാന്ത്

വെള്ളി, 26 ജൂണ്‍ 2020 (14:55 IST)
ക്രിക്കറ്റിൽനിന്നും പുറത്താക്കപ്പെട്ട കാലത്ത് ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മനസു തുറന്നിരിയ്ക്കുകയാണ് ഇപ്പോൾ ശ്രീശാന്ത്. പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. ജീവിയ്ക്കാൻ പണത്തിന് വേണ്ടിയാണ് സിനിമയിൽ അഭിനായിച്ചതും റിയാലിറ്റി ഷോകളിൽ പങ്കെടുത്തത് എന്നും ശ്രീശാന്ത് പറഞ്ഞു. ഒരു ഓൺ‌ലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.  
 
അടുത്തിടെ ജീവനൊടുക്കിയ ബോളിവുഡ് താരം സുശാന്ത് സിങ് ര‍ാജ്പുത് എന്റെ അടുത്ത സുഹൃത്തായിരുന്നു. ഫെബ്രുവരിയില്‍ മുംബൈയിവച്ചാണ് ഞങ്ങള്‍ അവസാനമായി കണ്ടത്. ശ്രീശാന്ത് എന്ന പേരിനൊപ്പമുള്ള ശാന്തത എനിക്കില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. വിഷാദരോഗത്തെക്കുറിച്ചും ഒറ്റപ്പെടലിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ ഞാന്‍ കടന്നു പോയ അത്തരം അവസ്ഥകളെക്കുറിച്ചാണ് ഓർമ്മവരുന്നത്. മൂന്നുനാലു തവണ ഞാന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. കുടുംബവും സുഹൃത്തുക്കളും നല്‍കിയ ആത്മവിശ്വാസമാണ് എന്നെ തുണച്ചത്.
 
ജീവിക്കാന്‍ വേണ്ടിയാണു സിനിമയില്‍ അഭിനയിക്കുകയും റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുകയും ചെയ്തതത്. വീട്ടിലെ കറന്റ് ബില്ലടയ്ക്കാന്‍വരെ കഷ്ടപ്പെട്ട അവസ്ഥയുണ്ടായി. അത്തരം പ്രതിസന്ധികളെ മറികടക്കാൻ ചെയ്തതാണ് അതെല്ലാം. പഴയ ആക്രമണോത്സുകത ഇനിയും പുറത്തെടുക്കാനാകുമോ എന്ന ചോദ്യത്തിന് 'ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ്' എന്ന സിനിമ ഡയലോഗായിരുന്നു ശ്രീശാന്തിന്റെ മറുപടി. 7 വര്‍ഷത്തെ വിലക്ക് നിങ്ങുന്നതോടെ കേരളത്തിനായി രഞ്ജി കളിയ്ക്കാനുള്ള അവസാരം താരത്തിന് മുന്നിൽ തുറന്നു കഴിഞ്ഞു. മികച്ച പ്രകടനം നടത്തുന്നതിനായുള്ള കഠിന പ്രയത്നത്തിലാണ് ഇപ്പോൾ താരം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍