മുഖം മിനുക്കി അടുമുടി മാറ്റവുമായി പുതിയ ക്രെറ്റയെ അടുത്തിടെയാണ് ഹ്യൂണ്ടായ് ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. വാഹനം മികച്ച ബുക്കിങ് സ്വന്തമാക്കുകയും ചെയ്തു. ക്രെറ്റയുടെ സെവൻ സീറ്റർ പതിപ്പിനെ അധികം വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഹ്യൂണ്ടായി. ക്രെറ്റയുറ്റെ 7 സീറ്റർ പതിപ്പിന് 'അൽക്കാസർ' എന്നായിരിയ്ക്കും പേര് എന്നാണ് റിപ്പോർട്ടുകൾ. മോട്ടോർ ബീം ആണ് ഇത് പുറത്തുവിട്ടത്. ഹ്യൂണ്ടയ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അല്‍കാസര്‍ എന്ന പേര് ഉപയോഗിക്കാനുള്ള അവകാശത്തിനായി ഏപ്രില്‍ 13ന് ഹ്യുണ്ടായ് അപേക്ഷ സമര്‍പ്പിച്ചതായാണ് സൂചന. ഒരു സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളിന് വേണ്ടിയാണ് ഈ പേര് എന്നുള്ളത് രേഖകളിൽ നിന്നും വ്യക്തമാണ് എന്നും മോട്ടോര്‍ ബീം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാൽ 7 സീറ്റർ ക്രെറ്റയ്ക്ക് തന്നെയാകണം അല്‍കാസര്‍ എന്ന പേര് ലഭിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. വാഹനം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.
ആറ്, ഏഴ് സീറ്റുർ ക്രെറ്റ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും. ആറ് സീറ്റര്‍ പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റര്‍ മോഡലില്‍ ബഞ്ച് സീറ്റുകളുമായിരിക്കും നല്‍കുക. കിയ സെല്‍റ്റോസും ഹ്യുണ്ടായി വെര്‍ണയും ഒരുക്കിയിരിയ്ക്കുന്ന കെ2 പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും ഏഴ് സീറ്റര്‍ ക്രെറ്റ ഒരുങ്ങുന്നത്. 113 ബിഎച്ച്‌പി പവറും 144 എന്‍എം ടോര്‍ക്കും സൃഷ്ടിയ്ക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 113 ബിഎച്ച്‌പി പവറും 250 എന്‍എം ടോർക്കും സൃഷ്ടിയ്ക്കുന്ന 1.5 ലിറ്റർ ഡീസല്‍ എഞ്ചിൻ പതിപ്പുകളിലായിരിയ്ക്കും ക്രെറ്റയുടെ സെവൻ സീറ്റർ പതിപ്പും വിപണിയിലെത്തുക.