സാമന്ത ആഗ്രഹിച്ചത് നാഗചൈതന്യയ്ക്കൊപ്പം തുടരാൻ, അവസാന വരെ വിവാഹമോചനം ഒഴിവാക്കാൻ ശ്രമിച്ചു: വെളിപ്പെടുത്തൽ

അഭിറാം മനോഹർ
തിങ്കള്‍, 12 ഓഗസ്റ്റ് 2024 (14:34 IST)
നടന്‍ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതോടെ വാര്‍ത്തകളില്‍ വീടും നിറയുകയാണ് അക്കിനേനി കുടുംബം. 2017ല്‍ സാമന്ത റൂത്ത് പ്രഭുവുമായി വിവാഹിതനായ നാഗചൈതന്യ 2021ലായിരുന്നു വിവാഹബന്ധം അവസാനിപ്പിച്ചത്. ടോളിവുദിലെ പ്രണയജോഡികളുടെ അപ്രതീക്ഷിത വേര്‍പിരിയല്‍ അന്ന് ആരാധകരില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.
 
 എന്തുകൊണ്ടാണ് വിവാഹമോചനം എന്നതുള്‍പ്പടെ ഒന്നും തന്നെ സാമന്തയും നാഗചൈതന്യയും പിന്നീട് പുറത്ത് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ വിവാഹബന്ധം വേര്‍പിരിയുന്നത് ഒഴിവാക്കാനായി സാമന്ത അവസാന നിമിഷം വരെ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് തെലുങ്കിലെ ഒരു പ്രമുഖ നിര്‍മാതാവ്. 2023ല്‍ സാമന്ത അഭിനയിച്ച ശാകുന്തളം സിനിമയുടെ സഹനിര്‍മാതാവായ നീലിമ ഗുണയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
 2021ല്‍ സാമന്തയുടെ വിവാഹമോചനത്തിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ശാകുന്തളം പ്രൊജക്ടിനായി നടിയെ സമീപിച്ചതെന്ന് നീലിമ പറയുന്നു. കഥ സാമന്തയ്ക്ക് ഇഷ്ടമായതോടെ സിനിമ ചെയ്യാന്‍ സമ്മതിച്ചു. എന്നാല്‍ ജൂലൈയ്ക്കും ഓഗസ്റ്റ് അവസാനത്തിനും ഇടയില്‍ സിനിമ പൂര്‍ത്തിയാക്കണമെന്ന് സാമന്ത അഭ്യര്‍ഥിച്ചു. തനിക്കും ഭര്‍ത്താവിനും കൂടുതല്‍ സമയം ഒന്നിച്ച് ചിലവഴിക്കണമെന്നും കുട്ടികളെല്ലാമായി ലൈഫില്‍ സെറ്റിലാകണമെന്നും അന്ന് സാമന്ത പറഞ്ഞതായി നീലിമ ഒരു യൂട്യൂബ് അഭിമുഖത്തില്‍ പറഞ്ഞു. 
 
അന്ന് ഡിവോഴ്‌സിനെ പറ്റി ഒരു സൂചന പോലും സാമന്ത നല്‍കിയിരുന്നില്ലെന്നും നാഗചൈതന്യയുമായി ജീവിതം തുടരാനായിരുന്നു സാമന്തയുടെ തീരുമാനമെന്നും നീലിമ പറയുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് ഡിവോഴ്‌സ് വാര്‍ത്ത അറിയുന്നതെന്നും വിവാഹബന്ധം പിരിയാതിരിക്കാനായി അവസാനം വരെ സാമന്ത ശ്രമിച്ചതായാണ് തനിക്ക് തോന്നുന്നതെന്നും അഭിമുഖത്തില്‍ നീലിമ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article