കൈനോട്ടക്കാരനായി പ്രഭാസ്; കരിയറില്‍ ഇതാദ്യമായാണ് സൂപ്പര്‍ താരം ഇത്തരത്തിലൊരു വേഷം ചെയ്യുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്
ശനി, 23 ഒക്‌ടോബര്‍ 2021 (15:21 IST)
പ്രഭാസിന്റെ ജന്മദിനത്തില്‍ സുപ്രധാന വിവരം പങ്കുവെച്ചുകൊണ്ട് രാധേശ്യാമിന്റെ ക്യാരക്ടര്‍ ടീസര്‍ എത്തി. ചിത്രത്തില്‍ കൈനോട്ടക്കാരനായ വിക്രമാദിത്യനായാണ് പ്രഭാസ് എത്തുന്നത്. ഒരു സൂപ്പര്‍ താരം കൈനോട്ടക്കാരന്റെ വേഷത്തിലെത്തുന്ന ആദ്യ ചിത്രമാണ് രാധേശ്യാം എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.താരത്തിന്റെ ജന്മദിനത്തില്‍ ആരാണ് വിക്രമാദിത്യ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ച സന്തോഷത്തിലാണ് ലോകമെമ്പാടുമുളള ആരാധകര്‍. 
 
 ടീസറിലൂടെ പ്രഭാസ് വേഷമിടുന്ന വിക്രമാദിത്യ എന്ന കഥാപാത്രത്തിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നുണ്ട്. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ സബ് ടൈറ്റിലും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 പ്രഭാസ്- പൂജ ഹെഗ്ഡെ താരജോഡികളായി എത്തുന്ന ചിത്രം പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ കൈനോട്ടക്കാരനായ വിക്രമാദ്യത്യനെ പ്രഭാസ് അവതരിപ്പിക്കുമ്പോള്‍ പ്രേരണയെന്ന കഥാപാത്രത്തെയാണ് പൂജ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം. 
 
ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് റോമാന്റിക് റോളിലെത്തുന്ന ബഹുഭാഷ ചിത്രമായ രാധേശ്യാം യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
 
 ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
 
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്.ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.

അനുബന്ധ വാര്‍ത്തകള്‍

Next Article