വിനായകന്റെ വില്ലനായി മമ്മൂട്ടി; ജിതിന്‍ കെ ജോസ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

രേണുക വേണു
ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (11:59 IST)
Mammootty - Jithin Jose film

മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നാഗര്‍കോവിലില്‍ ആരംഭിച്ചു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ സിനിമയാണിത്. പൂജ ചടങ്ങില്‍ വിനായകന്‍ പങ്കെടുത്തു. അടുത്ത ആഴ്ചയോടെ മമ്മൂട്ടി പുതിയ സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം. 
 
ഈ സിനിമയില്‍ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് വേഷത്തിലാണ് വിനായകന്‍ എത്തുന്നത്, വിനായകന്റെ വില്ലനായി മമ്മൂട്ടിയും ! വിനായകന്റെ കഥാപാത്രത്തിനായി പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരെയാണ് ആദ്യം സമീപിച്ചതെന്നും മറ്റു സിനിമകളുടെ തിരക്ക് കാരണം അവര്‍ ഈ പ്രൊജക്ട് നിരസിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം. കണ്ണൂര്‍ സ്‌ക്വാഡ് സിനിമയുടെ സംവിധായകന്‍ റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണം നിര്‍വഹിക്കും. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കുറുപ്പ്' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ജിതിന്‍ കെ ജോസ്. ഈ സിനിമയ്ക്കു വേണ്ടിയാണ് മമ്മൂട്ടി താടിവടിച്ച് മീശ നീട്ടിവളര്‍ത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഗെറ്റപ്പ് ചെയ്ഞ്ച് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 
 
അതേസമയം ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിലാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ചത്. ഷെര്‍ലക് ഹോംസ് കഥകളില്‍ നിന്ന് സാരാംശം ഉള്‍ക്കൊണ്ട് ചെയ്യുന്ന ചിത്രത്തിന്റെ പേര് 'ഡൊമിനിക്ക് ആന്റ് ദി ലേഡീസ് പേഴ്സ്' എന്നാണ്. പ്രൈവറ്റ് ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി അഭിനയിക്കുക. മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മാണം. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article