നന്ത്യാര്‍വട്ടമോ നമ്പ്യാര്‍വട്ടമോ? വെട്ടിലായി നടി ജുവല്‍ മേരി, ചെമ്പരത്തിപൂവ് മതിയോ എന്ന് ആരാധകര്‍

Webdunia
ശനി, 12 ജൂണ്‍ 2021 (10:05 IST)
ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് നടിയും അവതാരകയുമായ ജുവല്‍ മേരി. 'നംബ്യാര്‍വട്ടപൂവു പോലെ ആണു സ്‌നേഹിക്കപെടുന്ന സ്ത്രീ അവരുടെ മുഖം എപ്പോഴും സുന്ദരമായിരിക്കും -മാധവിക്കുട്ടി' എന്ന ക്യാപ്ഷനോടെ തന്റെ ഏറ്റവും പുതിയ ചിത്രം ജുവല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. ഇതില്‍ നമ്പ്യാര്‍വട്ടം എന്ന പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. നമ്പ്യാര്‍വട്ടപ്പൂവ് എന്നല്ല, പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി പറഞ്ഞത് 'നന്ത്യാര്‍വട്ടപ്പൂവ്' എന്നാണ് എന്ന് തിരുത്തിക്കൊണ്ട് നിരവധിപേര്‍ രംഗത്തെത്തി. മാധവിക്കുട്ടിയുടെ എഴുത്തിനെ പരിഹസിക്കുന്നതിനു തുല്യമാണ് ജുവലിന്റെ പോസ്റ്റ് എന്നും പലരും വിമര്‍ശിച്ചു. 
 
ഇതിനു പിന്നാലെ ഒരു പോസ്റ്റും കൂടെ ജുവല്‍ പങ്കുവച്ചു. അതിലും 'നന്ത്യാര്‍വട്ടപ്പൂവ്' എന്നതിന് നമ്പ്യാര്‍വട്ടപൂവ്  എന്നാണ് എഴുതിയിരിക്കുന്നത്. ഇത് കൂടി കണ്ടതോടെ ആരാധകര്‍ കൂടുതല്‍ വൈകാരികമായി പ്രതികരിക്കാന്‍ തുടങ്ങി. മാധവിക്കുട്ടിയുടെ വരികളെ തോന്നുന്ന രീതിയില്‍ മാറ്റിയെഴുതുന്നത് ശരിയല്ലെന്ന് പലരും പറഞ്ഞു. 
 
ഈ വിവാദങ്ങള്‍ക്കിടെ നന്ത്യാര്‍വട്ടപ്പൂവിന്റെ ചിത്രവും താരം പങ്കുവച്ചു. 'This flower is lit ! എന്നാലും  എന്റെ  പൂവെ' എന്ന ക്യാപ്ഷനോടെയാണ് പൂവിന്റെ ചിത്രം താരം പങ്കുവച്ചത്. 
 
തന്റെ പോസ്റ്റിനു താഴെ വന്ന കമന്റുകളോട് ജുവല്‍ പ്രതികരിച്ചത് ഇങ്ങനെ, 'എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും നിങ്ങളുടെ കമന്റുകള്‍ വായിച്ചു ഞാനും എന്റെ വീട്ടുകാരും ചിരിച്ചു ചിരിച്ചു ഒരു വഴിയായി. ആ പൂവിനെ പല നാട്ടില്‍ പല പേരാണ് ഞങ്ങളുടെ നാട്ടില്‍ നമ്പ്യാര്‍വട്ടം എന്നും നന്ത്യാര്‍വട്ടം എന്നും ഒക്കെ കേട്ടിട്ടുണ്ട്. ഏതായാലും ഒരു പൂവിന്റെ പേര് ചൊല്ലി ഇത്ര രസകരമായ ഒരു ചര്‍ച്ച നടക്കുമെന്ന് കരുതിയില്ല!, '
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article