ഗോവയിൽ നടന്ന അൻപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കശ്മീർ ഫയൽസ് സിനിമയെ ഉൾപ്പെടുത്തിയതിൽ ജൂറി ചെയർമാനായ ഇസ്രായേൽ സംവിധായകനായ നാദവ് ലാപിഡിൻ്റെ പരസ്യവിമർശനത്തിൽ വിവാദം കൊഴുക്കുന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ സിനിമയെ ഉൾപ്പെടുത്തിയത് ഞെട്ടിച്ചെന്നും ഇത്തരം അശ്ലീലമായ ചിത്രങ്ങൾ ചലച്ചിത്രോത്സവത്തിൽ അനുചിതമാണെന്നുമാണ് സംവിധായകൻ്റെ വിമർശനം.
രാജ്യാന്തര സിനിമ വിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. ഇതിൽ 14 എണ്ണവും മികച്ച മൂല്യം പുലർത്തിയതും ചലച്ചിത്രമൂല്യമുള്ളവയുമായിരുന്നു. എന്നാൽ പതിനഞ്ചാമത്തെ ചിത്രമായ ദി കശ്മീർ ഫയൽസ് എന്ന സിനിമ കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. ഒരു പ്രത്യേക ഉദ്ദേശത്തോടെയുള്ള പ്രൊപ്പഗണ്ട സിനിമയായി അത് തോന്നി. ഇത്തരം അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിൽ അനുചിതമായ അപരിഷ്കൃതമായ സിനിമയാണിത്. ഇക്കാര്യം പറയുന്നതിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ജൂറി ചെയർമാനായ നാദവ് ലാപിഡ് പറഞ്ഞു.
മേളയുടെ സമാപനചടങ്ങിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പ്പടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് ജൂറി ചെയർമാൻ്റെ പരസ്യവിമർശനം. അതേസമയം ചെയര്‍മാന്റെ പ്രതികരണം വളരെ മോശമായിപ്പോയെന്ന് ഇന്ത്യയിലെ ഇസ്രയേലി അംബാസിഡറായ നവോര്‍ ഗിലോണ്‍ വ്യക്തമാക്കി. ജൂറി പദവി ലാപിഡ് ദുരുപയോഗം ചെയ്തെന്നും ഇക്കാര്യത്തിൽ ഇന്ത്യയോട് ക്ഷമചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും അംബാസിഡർ പറഞ്ഞു.