പരിമിതികളില്ലാത്ത ദൈവത്തിൻ്റെ മകനാണ് ഞാൻ: തിരികെ വരുമെന്ന് നെയ്മർ

ഞായര്‍, 27 നവം‌ബര്‍ 2022 (14:06 IST)
ലോകകപ്പ് പോരാട്ടത്തിനിടെ സൂപ്പർ താരം നെയ്മർക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് ഏറെ സങ്കടത്തോടെയാണ് ബ്രസീൽ ആരാധകർ കണ്ടുനിന്നത്. കഴിഞ്ഞ ലോകകപ്പുകളിലെല്ലാം തന്നെ പരിക്ക് സൂപ്പർ താരത്തെ വേട്ടയാടിയിരുന്നു. ഇക്കുറിയും സെർബിയയ്ക്കെതിരായ ആദ്യ മത്സരത്തിൽ പരിക്ക് നെയ്മർക്ക് വെല്ലുവിളിയായി എത്തി. ഗ്രൂപ്പ് ഘട്ടത്തിലും തുടർന്ന് നടക്കുന്ന മത്സരങ്ങളിലും നെയ്മർ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല.
 
ഇപ്പോഴിതാ താൻ കടന്നുപോകുന്ന പ്രയാസകരമായ നിമിഷങ്ങളെ പറ്റി ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുകയാണ് കാനറികളുടെ സുൽത്താൻ. പരിമിതികളില്ലാത്ത ദൈവത്തിൻ്റെ പുത്രനാണ് താനെന്നും തൻ്റെ വിശ്വാസം അന്തിമമാണെന്നും നെയ്മർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. ബ്രസീൽ- സെർബിയ മത്സരത്തിൻ്റെ രണ്ടാം പകുതിയിലായിരുന്നു സൂപ്പർ താരത്തിന് പരിക്കേറ്റത്.
 
സെർബിയൻ താരം നിക്കോള മിലങ്കോവിച്ചുമായി കൂട്ടിയിടിച്ച് വലതു കാൽക്കുഴയ്ക്കാണ് പരിക്കേറ്റത്. താരത്തിൻ്റെ കാലിലെ നീരിൻ്റെ ചിത്രങ്ങൾ വൈറലയിരുന്നു. ബ്രസീൽ ജേഴ്സി അണിയുമ്പോൾ ഞാൻ അബുഭവിക്കുന്ന സ്നേഹവും അനുഭവവും വിശദീകരിക്കാൻ സാധിക്കുന്നതല്ല. ഒരിക്കൽ കൂടി ജനിക്കാനായാൽ അത് ബ്രസീലിൽ തന്നെയാകണം എന്നാണ് ആഗ്രഹം.
 
എൻ്റെ ജീവിതത്തിൽ ഒന്നും എളുപ്പത്തിൽ നേടിയതല്ല. ഞാൻ സ്വപ്നങ്ങൾ കണ്ടും പരിശ്രമിച്ചും നേടിയെടുത്തതാണ്. കരിയറിലെ പ്രയാസകരമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. വേദനിപ്പിക്കുന്ന അവസ്ഥ. പക്ഷേ തിരികെവരാമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ വിധത്തിൽ എന്നെ വീഴ്ത്താമെന്ന് എതിരാളി കരുതുന്നുണ്ടെങ്കിൽ അതിന് ഒരുപാട് കാത്തിരിക്കേണ്ടി വരും. കാരണം പരിമിതികളില്ലാത്ത ദൈവത്തിൻ്റെ പുത്രനാണ് ഞാൻ. അനന്തമാണ് എൻ്റെ വിശ്വാസം. നെയ്മർ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍